അങ്കാറ- തുർക്കി ഭൂകമ്പത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായി. ഇന്ത്യൻ ഗവൺമെന്റാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പത്തോളം ഇന്ത്യക്കാർ വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടതായും ഇന്ത്യൻ ഗവൺമെന്റ് വ്യക്തമാക്കി.
അതേസമയം, ദക്ഷിണ തുർക്കിയും അയലത്തെ സിറിയൻ പ്രദേശങ്ങളും ഇനിയും നടുക്കത്തിൽനിന്ന് മോചിതമല്ല. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽനിന്ന് ആളുകളെ പുറത്തെടുക്കാൻ പാടുപെടുകയാണ് രക്ഷാസംഘങ്ങൾ. അതിശൈത്യവും മഴയും തകർന്ന റോഡുകളും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായും റിപ്പോർട്ടുണ്ട്. ഭൂകമ്പബാധിത പ്രദേശമായ ഗാസിയാൻതെപിൽ തിങ്കളാഴ്ച രാത്രി താപനില മൈനസ് അഞ്ച് ഡിഗ്രി വരെയായിരുന്നു.
തുർക്കിയിൽ 3381 പേരും സിറിയയിൽ 1444 പേരും മരിച്ചതായാണ് കണക്കുകൾ. ആയിരക്കണക്കിന് കുട്ടികൾ ദുരന്തത്തിൽ മരിച്ചതായി ഒരു യു.എൻ ഉദ്യോഗസ്ഥൻ പറഞ്ഞു. സിറിയയിലെ വിമത നിയന്ത്രിത മേഖലകളിൽ മാത്രം 790 പേർ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തുർക്കിയിൽ 7800 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തിയതായി ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. അതേസമയം, ഇരുരാജ്യങ്ങളിലെയും മരണ നിരക്കു വരുംദിവസങ്ങളിൽ 20,000 പിന്നിടാൻ സാധ്യതയുണ്ടെന്നു ലോകാരോഗ്യ സംഘടന യൂറോപ്പ് മേഖല സീനിയർ എമർജൻസി ഓഫീസർ കാതറീൻ സ്മാൾവുഡ് വിലയിരുത്തി.
ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ ആറിന് ഇസ്തംബൂളിൽനിന്ന് 13,000 പേർ അടങ്ങിയ രക്ഷാപ്രവർത്തക സംഘം ദുരിത മേഖലകളിലേക്ക് പോയതായി വാർത്താ ഏജൻസിയായ സബാ റിപ്പോർട്ട് ചെയ്തു. ഉച്ചയോടെ 24,400 പേർ തുർക്കിയിൽ മാത്രം രക്ഷാദൗത്യങ്ങളിൽ സജീവമാണെന്ന് തുർക്കിയിലെ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. എന്നാൽ സർക്കാരിന്റെ ഇടപെടലിന് വേഗമില്ലെന്ന് പലേടത്തും പരാതി ഉയർന്നു.
'നോക്കൂ... ഇവിടെ ഒരാൾ പോലുമില്ല. ഞങ്ങൾ മഞ്ഞിനിടക്കാണ്. വീടില്ല. ഒന്നുമില്ല'- മലാത്യയിൽ വീട് നഷ്ടമായ മുറാത്ത് അലിനാക് റോയിട്ടേഴ്‌സിനോട് പറഞ്ഞു. 'ഞങ്ങൾ എന്തു ചെയ്യും, എവിടെപ്പോകും?'
രക്ഷാപ്രവർത്തനത്തിൽ വലിയ പാളിച്ചകളുണ്ട്. ഏകോപനം കാര്യമായി നടക്കുന്നില്ല. തുർക്കിയിലേക്കോ സിറിയയിലേക്കോ വലിയ തോതിലുള്ള സഹായമെത്തുന്നില്ല എന്നും പരാതിയുണ്ട്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളില്ല. കൈയുറകൾ പോലും ഇല്ലാതെയാണ് പലരും മണ്ണു നീക്കുന്നത്. എന്റെ മരുമക്കളെല്ലാം ഈ മണ്ണിനടിയിലാണ്, രണ്ടു ദിവസമായി ഞങ്ങൾ പരതുന്നു- സബിഹ അലിനാക് പറഞ്ഞു. എവിടെ ഞങ്ങളുടെ രാജ്യം, ഞങ്ങൾ കെഞ്ചുകയാണ്, ഞങ്ങളെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യൂ -അവർ പറഞ്ഞു.
ഭൂകമ്പത്തിൽ തുർക്കിയിൽ 5775 കെട്ടിടങ്ങൾ തകർന്നതായാണ് ഔദ്യോഗിക കണക്കുകൾ. അതേസമയം, 11,342 കെട്ടിടങ്ങൾ തകർന്നതായാണ് അനൗദ്യോഗിക വിവരമെന്ന് വാർത്ത ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്തു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ജീവനോടെ കുടുങ്ങിക്കിടപ്പുള്ളതായി കരുതുന്ന നൂറുകണക്കിനു പേരെ രക്ഷിക്കാനുള്ള ദൗത്യത്തിലാണ് രക്ഷാപ്രവർത്തകർ. ഇതിനിടെ ഇടക്കിടെ എത്തുന്ന തുടർചലനങ്ങളും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായി റിപ്പോർട്ടുണ്ട്. പലേടത്തും ഇന്ധനമോ വൈദ്യുതിയോ ഇല്ല. മധ്യതുർക്കിയിൽ ചൊവ്വാഴ്ച രാവിലെ 5.6 രേഖപ്പെടുത്തിയ തുടർചലനമുണ്ടായി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുളള രക്ഷാപ്രവർത്തകരും തുർക്കിയിൽ എത്തി. മെഡിക്കൽ സംഘവും ഭക്ഷണമടക്കമുള്ള ദുരിതാശ്വാസ വസ്തുക്കളുമായി രണ്ട് വിമാനങ്ങൾ ഇന്ത്യയിൽനിന്ന് തുർക്കിയിലെത്തി. തുർക്കിയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സഹായ വാഗ്ദാനം നൽകി. തുർക്കി പ്രസിഡന്റിനെ വിളിച്ചാണ് ബൈഡൻ ഇതറിയിച്ചത്.
ഭൂകമ്പ സമയത്ത് പലരും ഉറക്കത്തിലായിരുന്നതാണ് മരണ സംഖ്യ ഉയരാനിടയാക്കിയത്. പുലർച്ചെ നാലു മണിയോടെയാണ് ആദ്യ ഭൂകമ്പമുണ്ടായത്. ആഭ്യന്തര യുദ്ധത്തിൽ പലായനം ചെയ്യേണ്ടിവന്ന ലക്ഷക്കണക്കിന് അഭയാർഥികളുള്ള മേഖലയിലാണ് ഇരട്ട പ്രഹരമായി ദുരന്തം എത്തിയത്. സിറിയയിലെ സ്ഥിതിയാണ് ഏറെ സങ്കീർണമെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. 12 വർഷമായി ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമർന്ന സിറിയ വലിയ മാനുഷിക ദുരന്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.