Sorry, you need to enable JavaScript to visit this website.

സി.പി.എം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും, ചര്‍ച്ച ചെയ്യാന്‍ നിരവധി കാര്യങ്ങള്‍

തിരുവനന്തപുരം : ബജറ്റില്‍ ഇന്ധന സെസ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ജനങ്ങളില്‍ നിന്ന് ഉയര്‍ന്ന വ്യാപകമായ എതിര്‍പ്പ് അടക്കം നിരവധി കാര്യങ്ങള്‍ ഇന്ന് തുടങ്ങുന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇ പി ജയരാജനെതിരെ പി.ജയരാജന്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന വിഷയവും ആലപ്പുഴയിലെ പാര്‍ട്ടി ഘടകത്തിലെ പ്രശ്‌നങ്ങളുമെല്ലാം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. വര്‍ധിപ്പിച്ച ഇന്ധന സെസ് കുറയ്‌ക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്ത സാഹചര്യത്തില്‍ ഇതിനെതിരെയുള്ള പ്രതിപക്ഷ സമരത്തെ പ്രതിരോധിക്കുന്നതിനും ജനങ്ങളില്‍ ഉയര്‍ന്ന അമര്‍ഷം തണുപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളായിരിക്കും പ്രധാന ചര്‍ച്ചയാകുക. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി നയിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള ജനകീയ പ്രതിരോധ യാത്രയുടെ അവസാന വട്ട ഒരുക്കങ്ങളും രണ്ട് ദിവസത്തെ യോഗത്തില്‍ ചര്‍ച്ചയാകും,

ഇ.പി ജയരാജനെതിരെ പി.ജയരാജന്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന ആരോപണം  പി ജയരാജന്‍ പരാതി എഴുതി നല്‍കാത്ത സാഹചര്യത്തില്‍ പാര്‍ട്ടി എന്ത് നിലപാടെടുക്കുമെന്ന് ഇന്നറിയാം. ഇ പി ജയരാജനെതിരെ ഉന്നയിച്ച അതീവഗുരുതര സ്വഭാവമുള്ള ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ നിഷേധിച്ചിരുന്നു.കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും,എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ പി ജയരാജന്‍ വിശദീകരിച്ചിരുന്നു.സംസ്ഥാന സമിതിയില്‍  നിലപാട് അറിയിക്കാനാണ് സെക്രട്ടേറിയറ്റ് യോഗം അന്ന് അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ആരോപണമുന്നയിച്ച പി ജയരാജന്‍ വിഷയത്തില്‍ നിന്ന് പിന്നോട്ട് പോയി. രേഖാമൂലം പരാതി തന്നാല്‍ ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടും പി ജയരാജന്‍ പരാതി എഴുതി കൊടുത്തിട്ടില്ല. മുഖ്യമന്ത്രിയടക്കം നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് പി.ജയരാജന്‍ മൗനം പാലിക്കുകയാണ്.

കഴിഞ്ഞ സമ്മേളന കാലത്ത് വിവിധ ജില്ലകളിലുണ്ടായ വിഭാഗീയതയെ കുറിച്ചന്വേഷിച്ച കമ്മീഷനുകളുടെ റിപ്പോര്‍ട്ടും നടപടിയും ഉണ്ടാകും. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആലപ്പുഴയിലുണ്ടായ സംഭവങ്ങളും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. കേന്ദ്രസര്‍ക്കാറിന്റെ കേരളവിരുദ്ധ നിലപാടാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയതെന്ന് പ്രചരണം ശക്തമാക്കാനായിരിക്കും പാര്‍ട്ടി തീരുമാനം. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന പ്രചരണ ജാഥയില്‍ ഇത് പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News