ഹൈദരാബാദ് : മരണപ്പെട്ട പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ താന്‍ നടത്തണമെങ്കില്‍ പണം വേണമെന്ന് ആവശ്യപ്പെട്ട സഹോദരന് സഹോദരിയുടെ കിടിലന്‍ മറുപടി. സഹോദരി അച്ഛന്റെ ചിതയക്ക് തീകൊളുത്തി ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ആന്ധ്രപ്രദേശിലെ എന്‍ ടി ആര്‍ ജില്ലയിലുള്ള ഗ്രാമത്തിലാണ് സംഭവം. എണ്‍പതുകാരനായ ഗിഞ്ചുപള്ളി കൊട്ടയ്യയാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചത്. ആചാരപ്രകാരം ഇദ്ദേഹത്തിന്റെ മൂത്ത മകനായിരുന്നു അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ചിതയ്ക്ക് തീകൊളുത്തേണ്ടിയിരുന്നത്.
എന്നാല്‍ കൊട്ടയ്യയുമായി സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്ന മകന്‍ ചടങ്ങ് നടത്താന്‍ വിസമ്മതിക്കുകയായിരുന്നു. അച്ഛന്റെ ചിതയ്ത്ക്ക് കൊളുത്തണമെങ്കില്‍ താന്‍ ആവശ്യപ്പെട്ട പണം നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. കൊട്ടയ്യ ജീവിച്ചിരുന്നപ്പോള്‍ മകനുമായി നിരന്തരം വഴക്കുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സ്വത്തുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ നടന്നിരുന്നത്. അടുത്തിടെ സ്വന്തം ഭൂമി വിറ്റ വകയില്‍ കൊട്ടയ്യയ്ക്ക് ഒരു കോടി രൂപ ലഭിച്ചിരുന്നു. ഇതില്‍ 70 ലക്ഷം രൂപ ഇദ്ദേഹം മകന് നല്‍കി. ബാക്കി മുപ്പത് ലക്ഷം കൈവശം വെക്കുകയും ചെയ്തു.
എന്നാല്‍, തനിക്ക് ലഭിച്ച എഴുപത് ലക്ഷത്തില്‍ തൃപ്തനാകാതിരുന്ന മകന്‍ കൊട്ടയ്യയുടെ പക്കലുള്ള പണത്തിനു വേണ്ടി നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. പണം ലഭിക്കാന്‍ ഇയാള്‍ പിതാവിനെ ഉപദ്രവിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
മകന്റെ ഉപദ്രവം സഹിക്കാനാകാത്തതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ കൊട്ടയ്യയും ഭാര്യയും മകള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ഇദ്ദേഹം മരണപ്പെടുന്നതും. മകള്‍ വിജയലക്ഷ്മിയാണ് അവസാന നാളുകളില്‍ കൊട്ടയ്യയെ പരിചരിച്ചിരുന്നത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കൊട്ടയ്യ മരിക്കുന്നത്. തുടര്‍ന്ന് വിജയലക്ഷ്മി സഹോദരനെ വിവരമറിയിച്ചു. എന്നാല്‍ പിതാവിന്റെ മൃതദേഹം എടുക്കാനോ ചടങ്ങുകള്‍ നടത്താനോ മകന്‍ തയ്യാറായില്ല. അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ പിതാവിന്റെ പക്കലുള്ള ബാക്കി പണം നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. തുടര്‍ന്ന് മറ്റു വഴികളില്ലാതെ വിജയലക്ഷ്മി അന്ത്യകര്‍മങ്ങള്‍ നടത്തുകയും അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തുകയും ചെയ്യുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)