റിയാദ് - ഭൂകമ്പം സംഹാരതാണ്ഡവമാടിയ തുര്‍ക്കിയോടും സിറിയയോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സൗദി മന്ത്രിസഭ. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇരു രാജ്യങ്ങളോടുമുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി ഫോണില്‍ ബന്ധപ്പെട്ട സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ദുരന്തം മറികടക്കാന്‍ സൗദി അറേബ്യ തുര്‍ക്കിക്കൊപ്പം നിലയുറപ്പിക്കുമെന്നും ആവശ്യമായ പിന്തുണകള്‍ നല്‍കുമെന്നും അറിയിച്ചിരുന്നു. ദുരന്തത്തില്‍ തുര്‍ക്കി പ്രസിഡന്റിനെയും ജനതയെയും ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെയും അനുശോചനം അറിയിക്കുന്നതായും കിരീടാവകാശി പറഞ്ഞു. ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ തുര്‍ക്കിക്കൊപ്പം സൗദി അറേബ്യ നിലയുറപ്പിക്കുന്നതിനെ വിലമതിക്കുന്നതായി ഉര്‍ദുഗാന്‍ പറഞ്ഞു.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തുര്‍ക്കി പ്രസിഡന്റിന് കഴിഞ്ഞ ദിവസം അനുശോചന സന്ദേശങ്ങള്‍ അയച്ചിരുന്നു. ദുരന്തത്തില്‍ സൗദി അറേബ്യ തുര്‍ക്കിക്കൊപ്പം നിലയുറപ്പിക്കുമെന്നും കെടുതികള്‍ തരണം ചെയ്യാന്‍ തുര്‍ക്കിയെ പിന്തുണക്കുമെന്നും ഇരുവരും സന്ദേശങ്ങളില്‍ പറഞ്ഞു. ദക്ഷിണ തുര്‍ക്കിയില്‍ ദൂകമ്പബാധിത പ്രദേശങ്ങളില്‍ സൗദി പൗരന്മാരുള്ളതായി ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അങ്കാറ സൗദി എംബസി പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളില്‍ സൗദി പൗരന്മാരില്ലെന്ന് ഉറപ്പുവരുത്താന്‍ തുര്‍ക്കി അധികൃതരുമായി സഹകരിച്ചുവരുന്നതായും സൗദി എംബസി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)