കൊച്ചി- കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവില്‍. നിയമവിരുദ്ധമായി ദമ്പതികള്‍ ദത്തെടുത്ത കുട്ടിക്കു വേണ്ടിയാണ് വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ സ്വദേശികളായ ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്തേക്കും. എറണാകുളം സ്വദേശികളായ കുഞ്ഞിന്റെ യഥാര്‍ഥ മാതാപിതാക്കളെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും. ഇവരുടെ വിവരങ്ങള്‍ പോലീസ് രഹസ്യമായി സൂക്ഷിക്കുകയാണ്.
2022 ഓഗസ്റ്റിലാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍വെച്ച് എറണാകുളം സ്വദേശിനി കുഞ്ഞിന് ജന്‍മം നല്‍കിയത്. ഈ കുഞ്ഞിനെ എങ്ങനെയാണ് തൃപ്പൂണിത്തുറ സ്വദേശികള്‍ നിയമവിരുദ്ധമായി ദത്തെടുത്തത് എന്നതുസംബന്ധിച്ച് ചില സൂചനകള്‍ മാത്രമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. നിയമവിരുദ്ധമായാണ് കുട്ടിയെ ദത്ത് നല്‍കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ശിശുക്ഷേമ സമിതി കുട്ടിയെ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. കുഞ്ഞിനെ കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതിയില്‍ ഹാജരാക്കി. കുഞ്ഞിനെ ദത്തെടുത്ത അനൂപ് എന്നയാളുടെ സഹോദരിയും ഭാര്യയുടെ സഹോദരനും ചേര്‍ന്നാണ് തിങ്കളാഴ്ച കുഞ്ഞിനെ ഹാജരാക്കിയത്. ശിശുക്ഷേമ സമിതി കുഞ്ഞിന്റെ പരിപാലനം ഏറ്റെടുത്ത് ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താനാണ് ശിശുക്ഷേമ സമിതിയുടെ ശ്രമം. അവര്‍ക്ക് കുഞ്ഞിനെ ഏറ്റെടുക്കാന്‍ താത്പര്യമില്ലെങ്കില്‍ നിയമപരമായ ദത്ത് നടപടികളിലേക്ക് കടക്കാനാണ് ശിശുക്ഷേമ സമിതി ആലോചിക്കുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ദാമ്പതികള്‍ വീടു പൂട്ടി ഒളിവില്‍ പോയി. ഇവര്‍ക്കായി പോലീസ് അന്വേഷണം നടത്തുകയാണ്. എന്നാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഇവര്‍ കമ്മീഷന് കത്തു നല്‍കിയിട്ടുണ്ട്. എറണാകുളം സ്വദേശികളോടും നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായി കളമശേരി പോലീസ് അറിയിച്ചു.
ഈ കുഞ്ഞിന്റെ പേരില്‍ തെറ്റായ തീയതിയിലും തെറ്റായ വിലാസത്തിലും വ്യാജ ജനനസര്‍ട്ടിഫിക്കറ്റുണ്ടാക്കുകയാണ് ചെയ്തത്. കേസില്‍ പ്രതികളായ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറിനും കളമശ്ശേരി നഗരസഭയുടെ കിയോസ്‌ക് എക്സിക്യുട്ടീവായിരുന്ന എ.എന്‍. രഹ്നക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി അനില്‍കുമാര്‍ കോടതിയെ സമീപിച്ചിരിക്കയാണ്.
ആലപ്പുഴയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ അരവിന്ദാക്ഷന്റെ മകനാണ് അനില്‍കുമാര്‍. മെഡിക്കല്‍ കോളേജിലെ ഐ എന്‍ ടി യുസി സംഘടനാ നേതാവായ അനില്‍കുമാര്‍ കെ സി വേണുഗോപാലുമായി അടുപ്പം പുലര്‍ത്തുന്ന ആളാണെന്ന് ഇടതു സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു. നേരത്തെ ട്രഷറിയില്‍ അടക്കാനുള്ള പണം വ്യാജ സീലും രസീതും ഉപയോഗിച്ച് തട്ടിയെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ സ്ഥലം മാറ്റിയിരുന്നു. രഹ്ന കോണ്‍ഗ്രസ് നോമിനിയാണെന്നും യോഗ്യതയില്ലാത്ത അവരെ അനധികൃതമായാണ് നിയമിച്ചതെന്നും അവര്‍ ആരോപിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)