കൊല്‍ക്കത്ത- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അടിവസ്ത്രം ബലമായി ഊരിമാറ്റുന്നത് ബലാത്സംഗത്തിന് തുല്യമാണെന്ന് കല്‍ക്കത്ത ഹൈക്കോടതി.
വെസ്റ്റ് ദിനാജ്പൂര്‍ ജില്ലയിലെ കീഴ്‌ക്കോടതി റോബി റോയ് എന്നയാള്‍ കുറ്റക്കാരനാണെന്ന് വിധിച്ച 2008ലെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് അനന്യ ബന്ദോപാധ്യായയുടെ സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
2007 മെയ് ഏഴിന് റോബി റോയ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐസ്‌ക്രീം വാഗ്ദാനം ചെയ്ത് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വശീകരിച്ചു കൊണ്ടുപോയതാണ് കേസ്. അവിടെ വെച്ച് ആദ്യം ഉള്‍വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ അവളുടെ അടിവസ്ത്രം ബലമായി ഊരിമാറ്റി.
പെണ്‍കുട്ടി ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി റോബി റോയിയെ മര്‍ദ്ദിക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. 2008 നവംബറില്‍ വിചാരണ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാള്‍ക്ക് അഞ്ചര വര്‍ഷത്തെ തടവും 3,000 രൂപ പിഴയും വിധിച്ചു.
ജയിലില്‍ നിന്ന് മോചിതനായ ശേഷം പ്രതി ഉത്തരവിനെ കല്‍ക്കത്ത ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. തന്നെ തെറ്റായി കേസില്‍ ഉള്‍പ്പെടുത്തിയെന്നും സാമൂഹിക അന്തസ്സ് നഷ്ടപ്പെടുത്തിയെന്നും പെണ്‍കുട്ടിയോട് പിതൃവാത്സല്യം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍, കീഴ്‌ക്കോടതിയുടെ ഉത്തരവ് ശരിവെക്കുകയും ഇരയെ ഐസ്‌ക്രീം ഉപയോഗിച്ച് വശീകരിക്കാന്‍ ശ്രമിച്ചത് ദുരുദ്ദേശ്യത്തോടെയാണെന്നും ജസ്റ്റിസ് ബന്ദോപാധ്യായ നിരീക്ഷിച്ചു.
ലൈംഗികാഭിലാഷങ്ങള്‍ നിറവേറ്റാനായി പ്രതി ഐസ്‌ക്രീം നല്‍കി വശീകരിച്ചു. ആവശ്യപ്പെട്ടതനുസരിച്ച് പെണ്‍കുട്ടി അടിവസ്ത്രം അഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ പ്രതി ബലമായി ഊരിമാറ്റി. ഇതിനെ സ്‌നേഹ പ്രകടനമായി കണക്കാക്കാനാവല്ലെന്നും ഇത് ബലാത്സംഗത്തിനോ ബലാത്സംഗശ്രമത്തിനോ തുല്യമാണെന്നും ജസ്റ്റിസ് ബന്ദോപാധ്യായ നിരീക്ഷിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞെങ്കിലും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375ാം വകുപ്പ് പ്രകാരമുള്ള ലൈംഗീക കുറ്റകൃത്യത്തിന് സമാനമാണ് മുഴുവന്‍ സംഭവവും എന്ന് ജഡ്ജി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)