- വിളി കേൾക്കാതെ വാണിയമ്മ, പോലീസ് വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ മരിച്ച നിലയിലായിരുന്നു...
ചെന്നൈ - സംഗീതലോകത്ത് അവസാനകാലം വരെയും നിറഞ്ഞുനിന്ന പ്രശസ്ത ഗായിക വാണി ജയറാം എന്ന മലയാളത്തിന്റെ വാണിയമ്മയുടെ വിടവാങ്ങലിന്റെ ഷോക്കിലാണ് ആസ്വാദകഹൃദയങ്ങൾ. ചെന്നൈ നുങ്കംപാക്കത്തിലെ വീട്ടിൽ ഇന്ന് രാവിലെ നിലത്തുവീണ് മരിച്ചുകിടക്കുന്ന നിലയിൽ ഗായികയെ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ മരണശേഷം മൂന്നു വർഷമായി ഇവിടെ ഒറ്റയ്ക്കായിരുന്നു താമസം.
ശനിയാഴ്ച രാവിലെ 11-ഓടെ വീട്ടുജോലിക്കാരി എത്തി പതിവുപോലെ വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. പലവട്ടം വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. തുടർന്ന് അവർ അയൽവാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. എത്ര വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ ചവിട്ടിത്തകർത്ത് വീടിനുള്ളിൽ കടന്നപ്പോൾ വാണി ജയറാമിനെ നിലത്തുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. നെറ്റിയിൽ മുറിവുണ്ടായിരുന്നു. കട്ടിലിന് സമീപത്തു കിടന്ന ടീപ്പോയിൽ തലയിടിച്ചു വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം.
തന്റെ 78-ാം വയസ്സിൽ, സംഗീതലോകത്ത് 52 വർഷം തികച്ച വേളയിലാണ് വിയോഗം. മലയാളം ഉൾപ്പെടെ 19-ലേറെ ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകളാണ് അവർ പാടിയത്. തമിഴ്നാട്ടിലാണ് ജനനമെങ്കിലും മലയാളികൾക്ക് അവർ 'വാണിയമ്മ'യായിരുന്നു.
1945ൽ തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ച വാണി ജയറാം ബോളിവുഡിലൂടെയാണ് സംഗീതലോകത്തേയ്ക്ക് ചുവടുവച്ചത്. എട്ടാം വയസിൽ ആകാശവാണിയിലാണ് ആദ്യ ആലാപനം. കലൈവാണി എന്നാണ് യഥാർത്ഥ പേര്. പിന്നീട് ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവിന്റെ പേരുകൂടി കൂട്ടിച്ചേർത്ത് അത് വാണി ജയറാം എന്നാക്കി മാറ്റി. 1971 ഡിസംബർ രണ്ടിന് 'ഗുഡി' എന്ന ഹിന്ദി ചിത്രത്തിൽ ആദ്യമായി മൂന്നു പാട്ടുകൾ പാടിയാണ് സംഗീത വേദിയിൽ വാണി സ്ഥാനം ഉറപ്പിച്ചത്. ഏറ്റവും മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുതവണ നേടിയിട്ടുണ്ട്. ഏഴുസ്വരങ്ങൾ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ വാണി ജയറാമിന് കഴിഞ്ഞയാഴ്യാണ് ലഭിച്ചത്. പക്ഷേ, അത് വാങ്ങാനുള്ള നിയോഗം അവർക്കുണ്ടായില്ല.
1974-ൽ ചെന്നൈയിലേയ്ക്ക് താമസം മാറിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ സംഗീതലോകത്ത് സജീവമായത്. 1973 ജനുവരി 31ന് 'സ്വപ്നം' എന്ന സിനിമയ്ക്ക് വേണ്ടി ഒ.എൻ.വി കുറുപ്പ് രചിച്ച് സലിൽ ചൗധരി ഈണമിട്ട 'സൗരയൂഥം വിടർന്നു' എന്ന പാട്ടിലൂടെയാണ് മലയാളത്തിലേക്ക് വന്നത്. തുടർന്ന് മനോഹരമായ ഒരു പിടി പാട്ടുകൾ അവുടെ മധുരമാർന്ന സ്വരത്തിൽ മലയാളികൾ ഹൃദയത്തോട് ചേർത്തു. തിരുവോണപ്പുലരിതൻ .... വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി ..... ആഷാഢമാസം ആത്മാവിൽ മോഹം .... കടക്കണ്ണിലൊരു കടൽ കണ്ടു ..... ഏതോ ജന്മകല്പനയിൽ .... സീമന്തരേഖയിൽ.....നാടൻ പാട്ടിലെ മൈന ..... മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ.... തുടങ്ങി ഒട്ടേറെ വാണിയുടെ ഒട്ടേറെ ഗാനങ്ങൾ മലയാളികളുടെ മനസിൽ പതിഞ്ഞവയാണ്.
വാണിയുടെ അച്ഛൻ ദൊരൈസ്വാമി കൊൽക്കത്ത ഇൻഡോ-ജപ്പാൻ സ്റ്റീൽസ് ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു. ഇക്കണോമിക്സിൽ ബിരുദം നേടിയ വാണി എസ്.ബി.ഐയിൽ ഉദ്യോഗസ്ഥയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുംബൈ സ്വദേശിയും ഇൻഡോ-ബൽജിയം ചേമ്പർ ഓഫ് കൊമേഴ്സ് എക്സിക്യുട്ടീവ് സെക്രട്ടറിയുമായിരുന്ന സംഗീതസ്നേഹിയും സിത്താർ വിദഗ്ധനുമായ ജയരാമൻ ആയിരുന്നു ഭർത്താവ്. പ്രഫഷണൽ ഗായിക എന്ന നിലയിലുള്ള വാണിയുടെ വളർച്ചയിൽ ഭർത്താവ് എന്നും താങ്ങും തണലുമായിരുന്നു. മൂന്നുവർഷം മുമ്പാണ് ഭർത്താവ് മരിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)