Sorry, you need to enable JavaScript to visit this website.

നിങ്ങള്‍ പറയുന്നത് അണികള്‍ വിശ്വസിക്കില്ല; മുസ്ലിം ലീഗ് നേതാക്കളോട് പിണറായി

തിരുവനന്തപുരം- മുസ്ലിം ലീഗ് യുഡിഎഫിന്റെ പ്രധാനഭാഗമാണെന്നും അവര്‍ എല്‍ഡിഎഫിലെത്തുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. നിങ്ങളുടെ മുന്നണി പ്രശ്‌നങ്ങള്‍ നിങ്ങള്‍ തീര്‍ത്തോളൂ എന്നും മുഖ്യമന്ത്രി ലീഗ് നേതാക്കളോട് പറഞ്ഞു. ആര്‍എസ്എസിനെയും ബിജെപിയും സഹായിക്കുന്നവരാണ് എല്‍ഡിഎഫെന്ന് പറഞ്ഞാല്‍ ലീഗ് അണികള്‍ വിശ്വസിക്കുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചുവപ്പു കൊടി കാവി നിറത്തിലാകുന്നുവെന്ന് ലീഗ് അംഗങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ കേരളം കൂടുതല്‍ ചുവക്കുന്നതാണ് എല്ലാവരും കണ്ടത്. ഇക്കാര്യം ലീഗിന്റെ അണികള്‍ക്ക് തന്നെ കൃത്യമായ ബോധ്യമുണ്ട്. രാഷ്ട്രീയലാഭത്തിനുവേണ്ടി ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ അണികള്‍ക്ക് മുന്നില്‍ നിങ്ങള്‍ മോശക്കാരാകും. ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പരിപാടിയാണ്. അതില്‍ സിപിഎം പോകേണ്ട കാര്യമില്ല. പി.ബി ആലോചിച്ചാണ് ആ തീരുമാനമെടുത്തതെന്നും കേരളത്തിലെ പാര്‍ട്ടി നിലപാടല്ല അതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളം കടക്കെണിയിലാണെന്നത് വ്യാപകമായ കുപ്രചരണമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ബുധനാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പറഞ്ഞ സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുന്നതിനായി മൂലധന ചിലവ് വര്‍ധിപ്പിക്കണമെന്ന ആശയത്തോട് യോജിക്കുന്നു. 2016- 17 മുതല്‍ കേരളത്തില്‍ ഇതിനായുള്ള സുദൃഢമായ കാല്‍വെയ്പ്പാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍, കൊച്ചി  ഇടമണ്‍ ഉള്‍പ്പെടെയുള്ള വൈദ്യുതി പ്രസരണ രംഗത്തെ വികസന പദ്ധതികള്‍ എന്നിങ്ങനെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കട്ടപ്പുറത്തായിരുന്ന നിരവധി പദ്ധതികളെ ചലനാത്മകമാക്കിയതും പ്രാവര്‍ത്തികമാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്മ്യൂണിസ്റ്റുവിരുദ്ധവികാരം പടര്‍ത്തിയാല്‍ ഏതുവിധേനയും ജയിച്ചു കയറാമെന്ന പഴയ സ്ഥിതി രക്ഷയ്ക്കു വരില്ല. 1950കളിലെപ്പോലെ, കമ്മ്യൂണിസ്റ്റുവിരുദ്ധ മുന്നണി കെട്ടിപ്പൊക്കാമെന്നാണു കരുതുന്നതെങ്കില്‍ ഏഴ് പതിറ്റാണ്ട് കൊണ്ടുണ്ടായ കേരളത്തിലെ രാഷ്ട്രീയമാറ്റം എന്തെന്നു നിങ്ങള്‍ക്കു മനസ്സിലായിട്ടില്ല എന്നേ പറയാനുള്ളു. കാലത്തിന്റെ രാഷ്ട്രീയ സ്വീകരണം മാറിയിരിക്കുന്നു എന്ന് കമ്മ്യൂണിസ്റ്റുവിരുദ്ധതയുടെ കുടക്കീഴില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ബിജെപിയെയും കോണ്‍ഗ്രസിനെയും വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഓര്‍മിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News