Sorry, you need to enable JavaScript to visit this website.

സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി; കേരളത്തിലേക്ക് ആറാഴ്ചക്കു ശേഷം

ന്യൂദൽഹി - ഹാഥറസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യു.പി പോലീസ് അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ  ജയിൽ മോചിതനായി. ജാമ്യനടപടി പൂർത്തിയാക്കി മോചന ഉത്തരവ് വിചാരണ കോടതി ഇന്നലെ വൈകീട്ട് ലക്‌നോ ജയിലിലേക്കയച്ചെങ്കിലും ഓർഡർ ലഭിക്കാൻ വൈകിയതോടെ പുറത്തിറങ്ങാൻ ഒരുദിവസംകൂടി അധികമെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ, രണ്ടുവർഷത്തിനുശേഷം ജയിലിൽനിന്ന് പുറത്തിറങ്ങുകയായിരുന്നു. 
 പലതവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും രോഗബാധിതയായ മാതാവിനെ കാണാനും കോവിഡ് ബാധിച്ച് എയിംസിൽ ചികിത്സക്കു വേണ്ടിയും മാത്രമാണ് അറസ്റ്റിലായ ശേഷം സിദ്ദീഖിന് ജാമ്യത്തിലിറങ്ങാൻ കഴിഞ്ഞിരുന്നത്. 2022 സെപ്റ്റംബർ ഒമ്പതിനാണ് യു.എ.പി.എ കേസിൽ സുപ്രീം കോടതിയിൽനിന്ന് കാപ്പന് ജാമ്യം അനുവദിച്ചത്. ശേഷം ഡിസംബർ 23ന് ഇ.ഡി കേസിൽ അലഹബാദ് ഹൈകോടതിയിൽനിന്നും ജാമ്യം ലഭിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നാണ് പുറത്തിറങ്ങാനായത്. മാധ്യമപ്രവർത്തകനടക്കം രണ്ടുപേരാണ് ഇ.ഡി കേസിൽ സിദ്ദീഖിന് ആൾജാമ്യം നിന്നത്. 
 സുപ്രീംകോടതിയുടെ ജാമ്യവ്യവസ്ഥപ്രകാരം ജയിൽ മോചിതനായി ആറ് ആഴ്ച ദൽഹിയിൽ തങ്ങിയതിന് ശേഷം മാത്രമേ സിദ്ദീഖിന് കേരളത്തിലേക്ക് വരാനാവൂ. സിദ്ദീഖിനെ സ്വീകരിക്കാനായി ഭാര്യ റൈഹാനത്തും മകനും ലഖ്‌നോവിലുണ്ട്.
 2020 ഒക്ടോബർ അഞ്ചിന്, ദൽഹിക്കടുത്ത് മഥുര ടോൾ പ്ലാസയിൽ വച്ചാണ് യു.പി പോലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. പിന്നീട് കാപ്പന്റെ അക്കൗണ്ടിലേക്ക് 45,000 രൂപ അനധികൃതമായി വന്നുവെന്നാരോപിച്ച് ഇ.ഡിയും കേസെടുത്തു. കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദം തകർക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ ചുമത്തിയത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം എന്നീ വകുപ്പുകളും പിന്നാലെ ചുമത്തുകയായിരുന്നു പോലീസ്.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

ഇന്ദിരാഗാന്ധിയും രാജീവും അപകടത്തിൽ മരിച്ചവർ; സവർക്കറുടേത് രക്തസാക്ഷിത്വമെന്ന് ബി.ജെ.പി മന്ത്രി ഗണേഷ് ജോഷി

- രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ സഹതാപമുണ്ട്. ഒരാൾക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിന് അനുസരിച്ചല്ലേ സംസാരിക്കാൻ കഴിയൂവെന്നും ബി.ജെ.പി മന്ത്രിയുടെ പരിഹാസം.

ഡെറാഡൂൺ - രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ അപകടങ്ങളാണെന്നും ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മന്ത്രിയുമായ ഗണേഷ് ജോഷി. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ദിരയുടെയും രാജീവിന്റെയും മരണം ഓർമിച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു മന്ത്രിയുടെ വിവാദം പ്രതികരണം.
 രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഭഗത് സിങ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ രക്തസാക്ഷിത്വവും ഉണ്ടായിട്ടുണ്ട്. ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് അപകടങ്ങളാണ്. രക്തസാക്ഷിത്വവും അപകടങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ എനിക്ക് സഹതാപമുണ്ട്. ഒരാൾക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിന് അനുസരിച്ച് മാത്രമല്ലേ സംസാരിക്കാൻ കഴിയൂവെന്നും ഗണേഷ് ജോഷി പരിഹസിച്ചു.
രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ ഭാരത് ജോഡോ യാത്ര സമാധാനപരമായി പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ഗണേഷ് ജോഷി, അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കാണെന്നും അവകാശപ്പെട്ടു. മോദിയുടെ നേതൃത്വത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തില്ലായിരുന്നുവെങ്കിൽ, രാഹുലിന് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താൻ കഴിയുമായിരുന്നില്ലെന്നും ഗണേഷ് ജോഷി ഓർമിപ്പിച്ചു.

Latest News