കാസർഗോഡ് - ടാപ്പിങ്ങിനെത്തിയ യുവതിയുടെ മൃതദേഹം വീടിനുളളിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കാസർഗോഡ് ബദിയഡുക്ക എൻമകജെ പഞ്ചായത്തിലെ മഞ്ഞാറയിലെ മെറിലാൻഡ് എസ്റ്റേറ്റിലെ വീട്ടിലാണ് സംഭവം. കൊല്ലം സ്വദേശി നീതു കൃഷ്ണയെ(28)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. നീതുവിന്റെ ഭർത്താവ് പുൽപ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യനെ(32) കാണാനില്ല.
42 ദിവസം മുമ്പാണ് ബദിയഡുക്ക ഏൽക്കാന സ്വദേശി ഷാജിയുടെ റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനായി യുവതിയും ആന്റോയും എത്തിയത്. തോട്ടത്തിനടുത്തുളള ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്. മൂന്നുദിവസമായി യുവതിയെ കാണാനില്ലായിരുന്നു. നാട്ടുകാർ നീതുവിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ 30ന് നാട്ടിൽ പോയെന്നായിരുന്നു ആന്റോയുടെ മറുപടി. എന്നാൽ ഞായറാഴ്ച മുതൽ ആന്റോയെയും കാണാതായി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ദുർഗന്ധം പരന്നതോടെ എസ്റ്റേറ്റ് മാനേജർ ഷാജി മാത്യവും മറ്റു ജോലിക്കാരും വീടിന്റെ ഓടിളക്കി അകത്തുകയറി നോക്കിയപ്പോഴാണ് പഴയ തറവാട് വീട്ടിനകത്തെ ഉപയോഗിക്കാത്ത മുറിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വീട് പൂട്ടിപോയ ആന്റോയെ കണ്ടെത്താനായില്ല. ഇവർ രണ്ടുപേർ മാത്രമായിരുന്നു ഈ വീട്ടിൽ താമസം. സമീപത്തെ ഷെഡിൽ രണ്ട് ജോലിക്കാരും താമസിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബദിയടുക്ക പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)