ന്യൂദൽഹി - ലോകം വളരുന്നതിനനുസരിച്ച് രാജ്യത്തിന്റെ വ്യോമയാന മേഖലയിലും വലിയ കുതിപ്പിനുള്ള സാധ്യതകൾ തുറന്നിടുന്നതാണ് ധനമന്ത്രി നിർമലാ സീതാരമാൻ അവതരിപ്പിച്ച 2023-ലെ സമ്പൂർണ ബജറ്റ്. ഇന്ത്യൻ വ്യോമയാന മേഖലയുടെ വികസനത്തിനായി 50 പുതിയ വിമാനത്താവളങ്ങളും ഹെലിപാഡുകളും എയറോഡ്രോമുകളും നിർമ്മിക്കുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രിയുടെ പ്രഖ്യാപനം.
രാജ്യത്തെ വ്യോമയാന മേഖലയിൽ വലിയ സാധ്യതയാണുള്ളത്. പുതിയ വിമാനത്താവളങ്ങളുടെ വരവോടെ രാജ്യത്തെ വ്യോമഗതാഗത ശ്യംഖലയിൽ വൻ വളർച്ചയുണ്ടാകുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.
ചരക്കുനിക്കത്തിലും വിമാനയാത്രയിലും കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഇന്ത്യ മടങ്ങി വരികയാണ്. 2022 ഡിസംബറിൽ മൊത്തം യാത്രക്കാരുടെ എണ്ണം 150.1 ലക്ഷമാണെന്നും കോവിഡ് കാലത്തിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധവനാണിതെന്നും മന്ത്രി പറഞ്ഞു.
ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി ഇന്ത്യ മാറി കഴിഞ്ഞെന്ന് രാഷ്ട്രപതി കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞിരുന്നു. 2014-ൽ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74 ആയിരുന്നുവെങ്കിൽ 2023-ലത് 147-ൽ എത്തി നിൽക്കുകയാണ്. പുതിയ പ്രഖ്യാപനത്തോടെ 200 വിമാനത്താവളങ്ങളാണ് രാജ്യത്ത് ഉണ്ടാകാൻ പോകുന്നത്.
ഇത് രാജ്യത്ത് വൻ വികസനം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുമ്പോഴും രാജ്യത്തിനുവേണ്ടി ചോര നീരാക്കി പണിയെടുക്കുന്ന പ്രവാസികൾക്കായി പ്രത്യേക പാക്കേജൊന്നും ഇതുവരെയും ധനമന്ത്രി വാക്കാൽ പറഞ്ഞിട്ടില്ല. ഇനി ബജറ്റിന്റെ വിശദമായ പ്രിന്റഡ് രേഖയിൽ വല്ലതും ഉണ്ടോ എന്ന് ഉറപ്പുവരുത്തിയാലെ പ്രവാസി ക്ഷേമത്തിനുള്ള നീക്കിയിരിപ്പിന്റെ യഥാർത്ഥ ചിത്രം അറിയാനാകൂ..
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്നാണ് ധനമന്ത്രിയുടെ അവകാശവാദം. ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തിയായി ഇന്ത്യ മാറി. രാജ്യം തിളങ്ങുന്ന ഭാവിയിലേക്ക് മുന്നേറുകയാണെന്നും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നന്നും രാജ്യത്തിന്റെ വളർച്ചാനിരക്ക് 7 ശതമാനത്തിലെത്തുമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)