- രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ സഹതാപമുണ്ട്. ഒരാൾക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിന് അനുസരിച്ചല്ലേ സംസാരിക്കാൻ കഴിയൂവെന്നും ബി.ജെ.പി മന്ത്രിയുടെ പരിഹാസം.
ഡെറാഡൂൺ - രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ അപകടങ്ങളാണെന്നും ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മന്ത്രിയുമായ ഗണേഷ് ജോഷി. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ദിരയുടെയും രാജീവിന്റെയും മരണം ഓർമിച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു മന്ത്രിയുടെ വിവാദം പ്രതികരണം.
രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഭഗത് സിങ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ രക്തസാക്ഷിത്വവും ഉണ്ടായിട്ടുണ്ട്. ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് അപകടങ്ങളാണ്. രക്തസാക്ഷിത്വവും അപകടങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ എനിക്ക് സഹതാപമുണ്ട്. ഒരാൾക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിന് അനുസരിച്ച് മാത്രമല്ലേ സംസാരിക്കാൻ കഴിയൂവെന്നും ഗണേഷ് ജോഷി പരിഹസിച്ചു.
രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ ഭാരത് ജോഡോ യാത്ര സമാധാനപരമായി പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ഗണേഷ് ജോഷി, അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കാണെന്നും അവകാശപ്പെട്ടു. മോദിയുടെ നേതൃത്വത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തില്ലായിരുന്നുവെങ്കിൽ, രാഹുലിന് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താൻ കഴിയുമായിരുന്നില്ലെന്നും ഗണേഷ് ജോഷി ഓർമിപ്പിച്ചു.