Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വൈലിത്തറ: വിടപറഞ്ഞത് പ്രഭാഷണത്തിലെ അതികായന്‍

ആലപ്പുഴ- പ്രഭാഷണത്തിലെ കുലപതിയാണ് അന്തരിച്ച വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി. പതിനെട്ടാം വയസില്‍ തുടങ്ങിയതാണ് മതപ്രഭാഷണം. ഏഴുപതിറ്റാണ്ട് പിന്നിട്ടു.
1924 ലാണ്  വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി ജനിക്കുന്നത്.വൈലിത്തറ മുഹമ്മദ് മുസലിയാരാണ് പിതാവ്  1960കള്‍ മുതല്‍ ഇസ്‌ലാമിക സമൂഹത്തിന്റെ വൈജ്ഞാനിക സായാഹ്നങ്ങളിലേക്ക് കരുത്തുറ്റ ദാര്‍ശനിക ചിന്തകള്‍ പകര്‍ന്നുനല്‍കിയാണ് വൈലിത്തറ ശ്രദ്ധേയനായത്.
മതവും മനുഷ്യനും തമ്മിലുള്ള ജീവിത സമവാക്യത്തെ വിശുദ്ധ ഖുര്‍ആന്റെയും ബൈബിളിന്റെയും ഭഗവത്ഗീതയുടെയും ഉപനിഷത്തുകളുടെയും ഉള്ളറകളെ തൊട്ട് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് മതപ്രഭാഷണ രംഗത്ത് വൈലിത്തറ പുതിയൊരു അധ്യായം തുറന്നത്.
അന്നോളം കേട്ടുപരിചയിച്ചതിനപ്പുറം മലയാള കവിതകളും വിശ്വസാഹിത്യ കൃതികളും ഉദ്ധരിച്ച് മലയാളത്തിലും ഇംഗ്ലീഷിലും പ്രബോധന സദസുകളെ സാംസ്‌കാരിക സദസുകള്‍ കൂടിയാക്കിയ വൈലിത്തറയുടെ വൈഭവം ആഗോള മുസ്‌ലിം സമൂഹത്തില്‍ ഗൗരവമേറിയ ചര്‍ച്ചയായിരുന്നു. ഖുര്‍ആന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത്  നാട്ടുകാരായ കളത്തിപ്പറമ്പില്‍ മൊയ്തീന്‍ കുഞ്ഞ് മുസലിയാരില്‍ നിന്നും ഹൈദ്രോസ് മുസലിയാരില്‍ നിന്നുമാണ്  കര്‍മശാസ്ത്രത്തിന്റെ ആദ്യപാഠങ്ങളാകട്ടെ ആലി മുസലിയാര്‍, വടുതല കുഞ്ഞുവാവ മുസലിയാര്‍ എന്നിവരില്‍ നിന്നും പഠിച്ചു .
പന്ത്രണ്ടാം വയസില്‍  തകഴിക്കടുത്തുള്ള കുന്നുമ്മയിലെ പള്ളി ദറസില്‍ ചേര്‍ന്നു  പാപ്പിനിപ്പള്ളി മുഹമ്മദ് മുസലിയാരായിരുന്നു അവിടത്തെ ഉസ്താദ്. അദ്ദേഹം പിന്നീട് പരിശുദ്ധ മക്കയിലേക്ക് കുടിയേറി പാര്‍ക്കുകയും അവിടെ മസ്ജിദുല്‍ ഹറമിന് അടുത്ത് ദീര്‍ഘകാലം ദര്‍സ് നടത്തുകയും ചെയ്തു. ഉസ്താദ് അവിടെ തന്നെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
14 വയസായപ്പോള്‍ പിതാവിന്റെ ആദ്യകാല ഗുരുവും സൂഫിവര്യനുമായ വാഴക്കാടന്‍ മുഹമ്മദ് മുസലിയാര്‍ അവര്‍കളുടെ ദര്‍സില്‍ ചേര്‍ന്നു. ഓച്ചിറ ഉസ്താദ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ കാലഘട്ടം മറക്കാനാകാത്ത ഒട്ടേറെ സന്ദര്‍ഭങ്ങളാണ് വൈലിത്തറക്ക്  സമ്മാനിച്ചത്.
ആദ്യ പ്രഭാഷണം 18ാമത്തെ വയസിലായിരുന്നു. തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനമായിരുന്നു വേദി. ആത്മവിദ്യാസംഘത്തിന്റെ ആത്മീയ ആചാര്യന്‍ ആര്യഭട്ട സ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോള്‍ ആര്യഭട്ട സ്വാമി കൈപിടിച്ച് അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു 'വണ്ടര്‍ഫുള്‍ മാന്‍' എന്ന്. പിന്നീട് നിരന്തരം വേദികള്‍ ലഭിച്ചു. ഹരിപ്പാട് താമല്ലാക്കല്‍ 12 ദിവസം നീണ്ടുനിന്ന പ്രഭാഷണമാണ് ആദ്യമായി ചെയ്ത പരമ്പര. മലബാറിലെ ആദ്യ പരിപാടി വടകര ബുസ്താനുല്‍ ഉലൂം മദ്രസാ വാര്‍ഷികമായിരുന്നു. ആദ്യകാലത്തെ മറ്റൊരു അവിസ്മരണീയ പ്രഭാഷണം കോഴിക്കോട് കുറ്റിച്ചിറ അന്‍സ്വാറുല്‍ മുസ്‌ലിമീന്‍ മദ്രസാങ്കണത്തിലേതാണ്. ഏഴു ദിവസത്തേക്കാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അത് 17 ദിവസം നീണ്ടു. അവസാന ദിവസങ്ങളില്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും കേള്‍വിക്കാരനായി എത്തി. രാത്രി 10 മണിവരെ മാത്രമാണ് സാധാരണ പ്രഭാഷണം അനുവദിക്കുക. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗം പുലര്‍ച്ചെ രണ്ടുമണിവരെ നീണ്ടു. ആര്‍ക്കും ഒരു പരാതിയും ഉണ്ടായില്ല. കാരണം പറഞ്ഞതൊക്കെ മുസ്‌ലിമിന് വേണ്ടി മാത്രമായിരുന്നില്ല. എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരും ഒരു പോലെ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ്. ഖുര്‍ആനെയും ഇസ്‌ലാമിക ജീവിത ചര്യയെയും കുറിച്ച് അമുസ്‌ലിംകള്‍ പഠിക്കണം. അതുപോലെ തന്നെ മറ്റ് മതങ്ങളുടെ നന്മയെ കുറിച്ച് തീര്‍ച്ചയായും ഇസ്‌ലാംമത വിശ്വാസികളും അറിഞ്ഞിരിക്കണം.
മതപ്രഭാഷണത്തിന് ഒരു നിശ്ചിത ഘടനയും ശൈലിയുമൊക്കെ ഉണ്ടായിരുന്ന ഒരു കാലത്താണ് അദ്ദേഹം ഈ രംഗത്തേക്ക് വരുന്നത്. പരമ്പരാഗത ശൈലിയിലുള്ള പ്രഭാഷണങ്ങള്‍ കേട്ട് യുവാക്കളും അഭ്യസ്തവിദ്യരുമൊക്കെ അതില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങിയിരുന്നു.  പരമ്പരാഗത ശൈലിയില്‍ നിന്ന് വ്യത്യസ്തമായ അദ്ദേഹത്തിന്റെ പ്രഭാഷണത്തിന് വടക്കന്‍ കേരളത്തിലാകെ നല്ല സ്വീകാര്യം ലഭിച്ചു
 ഭഗവത്ഗീതയും   ഉപനിഷത്തുകളും പരാമര്‍ശിച്ചും  കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും ആശയങ്ങള്‍ കടമെടുത്തും വിശാലമായ കാഴ്ചപാടുകളായിരുന്നു ഓരോ പ്രഭാഷണങ്ങളും

കേരളത്തിലങ്ങോളമിങ്ങോളം ഒട്ടേറെ മസ്ജിദുകള്‍ നിര്‍മിക്കാന്‍ അദ്ദേഹം  പ്രഭാഷണ പരമ്പരകള്‍ നടത്തിയിരുന്നു. നിരവധി വിദേശ രാജ്യങ്ങളിലും പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍  സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍  പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍,  കണ്ണിയത്തുസ്താദ്, ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ല്യാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍  തുടങ്ങിയ വരുമായി വലിയ ആത്മബന്ധം നിലനിര്‍ത്തിയിരുന്നു. സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു
ദേശീയപാതയില്‍ തോട്ടപ്പള്ളി മുതല്‍ പല്ലനയും പാനൂരും വരെ നീണ്ടുകിടക്കുന്ന തീരഭൂമിയില്‍ ജാതിമത, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും കടന്നുവരാവുന്നൊരു ഇടമാണ് വൈലിത്തറ വീട്. പ്രഭാഷണവും യാത്രകളുമൊക്കെ ഒഴിവാക്കി വീട്ടില്‍ കഴിയുമ്പോഴും ഉസ്താദിന്റെ സ്‌നേഹവാത്സല്യങ്ങള്‍ തേടി ഇവിടേക്ക് ആളുകള്‍ വന്നുപോകുമായിരുന്നു.
സഹധര്‍മിണി ഖദീജയുടെ വിയോഗ ശേഷം മക്കളായ അഡ്വ. മുജീബ്, ജാസ്മിന്‍, സുഹൈല്‍, സഹല്‍, തസ്‌നി എന്നിവര്‍ക്കൊപ്പം മൗലവി വൈലിത്തറയിലെ വീട്ടില്‍ത്തന്നെയുണ്ടായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News