റിയാദ്- സൗദിയില്‍ വീഡിയോ ഷെയര്‍ ചെയ്ത പലരും അന്വേഷണം നേരിടുന്നു. വാഹനാപകടത്തിന്റെ വീഡിയോ പോലും ഷെയര്‍ ചെയ്യുമ്പോള്‍ അതീവ ജാഗ്രത ആവശ്യമാണെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.
തബൂക്കില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു പരിക്കേല്‍പിച്ച കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തുവെങ്കിലും ഈ അപകടം മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാള്‍ക്കെതിരെ അന്വേഷണം തുടരുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തായിഫില്‍ വാഹനത്തില്‍ പിടിച്ചതൂങ്ങിയ യുവാവിന് താഴെ വീണ് പരിക്കേല്‍ക്കുന്ന വീഡിയോ ഷെയര്‍ ചെയ്തയാള്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ശേഷം ഉല്‍പന്നം കൈപ്പറ്റി രക്ഷപ്പെടാന്‍ ശ്രമിച്ച സൗദി യുവാവിന്റെ വാഹനത്തില്‍ പിടിച്ചുതൂങ്ങിയ ഡെലിവറി ബോയിക്കാണ് പരിക്കേറ്റത്. ഡെലിവറി ജീവനക്കാരനെ കബളിപ്പിക്കാന്‍ ശ്രമിച്ച സൗദി യുവാവിനെ പിടികൂടി പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സംഭവത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവാണ് ഇപ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ ലംഘിച്ചതിന് നടപടികള്‍ നേരിടുന്നത്.
അപകടങ്ങളും ദുരന്തങ്ങളും ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും പൊതുസ്ഥലങ്ങളില്‍വെച്ച് വ്യക്തികളെ മൊബൈലില്‍ പകര്‍ത്തുന്നതുമൊക്കെ സൗദി നിയമങ്ങള്‍ പ്രകാരം കുറ്റകൃത്യമാണെന്ന് ഓര്‍ക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും https://www.malayalamnewsdaily.com/
മൂന്നാം കണ്ണ് നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം ഓര്‍ക്കാതെയാണ് പലരും നിയമക്കുരുക്കില്‍ അകപ്പെടുന്നത്. എത്രതന്നെ സുരക്ഷിതമാണെന്ന് വിശ്വസിച്ചാലും നിങ്ങളുടെ ഓണ്‍ലൈന്‍ സാന്നിധ്യം നിരീക്ഷിക്കപ്പെടുന്നുണ്ട്. വാട്‌സ്ആപ്പ്, ഇ-മെയില്‍, എസ്.എം.എസ് തുടങ്ങി നിങ്ങള്‍ ഏതു മാര്‍ഗം സ്വീകരിച്ചാലും അതൊക്കെ സൂക്ഷ്മമായി പരിശോധിക്കപ്പെടുന്നുണ്ട്.
അപകടങ്ങളും ആക്രമണങ്ങളും പകര്‍ത്തുന്നതും സൂക്ഷിക്കുന്നതും അപ് ലോഡ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സൗദി സര്‍ക്കാര്‍ പലപ്പോഴും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയതാണ്. പൊതുജനങ്ങളില്‍ ഭീതി പരത്തുന്നതിനാലാണ് ഇത്തരം ദൃശ്യങ്ങളുടെ പ്രചാരണം നിയമവിരുദ്ധമാകുന്നത്.
ഒരാളെ വാഹനം ഇടിച്ചിടുന്നതിന്റെ ഫോട്ടോകളും വീഡിയോകളും നിരുപദ്രവമാണെന്ന് നിങ്ങള്‍ക്ക് തോന്നാമെങ്കിലും സൈബര്‍ നിയപ്രകാരം സൗദിയില്‍ അത് കുറ്റകൃത്യമായാണ് പരിഗണിക്കുന്നത്.
അനുവാദമില്ലാതെ ആരുടേയും വീഡിയോയും ഫോട്ടോയുമെടുത്ത് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. സമ്മതമില്ലാതെ ഇങ്ങനെ ഫോട്ടോകളും വീഡിയോകളുമെടുത്താല്‍ അഞ്ച് ലക്ഷം റിയാല്‍ പിഴശിക്ഷ വിധിക്കാവുന്ന നിയമ നടപടികളാണ് നേരിടേണ്ടി വരിക.
മതങ്ങളെ അപഹസിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതും സൂക്ഷിച്ചുവേണം. ഓരോ മതത്തേയും അതില്‍ വിശ്വസിക്കുന്നവരേയും ആദരിക്കുക നമ്മുടെ കര്‍ത്തവ്യമാണെന്ന കാര്യം വിസ്മരിക്കരുത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
സൗദി അറേബ്യയില്‍ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നതും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. ആരെങ്കിലും അനിധികൃത സേവനം നല്‍കുന്ന കാര്യം പോലും ഓണ്‍ലൈനില്‍ പങ്കുവെക്കരുത്. സൗദിയില്‍ അഴിമതിയും കൈക്കൂലിയും കണ്ടെത്താനുള്ള അന്വേഷണ സംവിധാനങ്ങള്‍ മുമ്പത്തേക്കാളും സജീവമാണ്. അഴിമതി കണ്ടെത്തുന്നതിന് പ്രവര്‍ത്തിക്കുന്ന നസാഹ ഓരോ മാസവും സ്വദേശികളും വിദേശികളുമടക്കം നിരവധി പേരെയാണ് പിടികൂടുന്നത്.
അശ്ലീല വീഡിയോകള്‍ക്ക് സൗദിയില്‍ കര്‍ശന നിരോധമാണുള്ളത്. ജനങ്ങള്‍ അത് കാണാതിരിക്കാന്‍ പരമാവധി സൈറ്റുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിലും അത് മറികടക്കുന്നവര്‍ പിടികൂടപ്പെടും. ഇത്തരം വീഡിയോകളും ഫോട്ടോകളും നിങ്ങളുടെ കംപ്യൂട്ടറില്‍നിന്നോ ഫോണില്‍നിന്നോ ഷെയര്‍ ചെയ്യുമ്പോള്‍ വലിയ അപകടത്തിലേക്കാണ് പോകുന്നതെന്ന് ഓര്‍ക്കണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)