ന്യൂദൽഹി - രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയനായ മുതിർന്ന മലയാളി മാധ്യമപ്രവർത്തകനും 'ദി കാരവൻ' മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ വിനോദ് കെ ജോസ് സ്ഥാപനത്തിൽനിന്ന് രാജിവച്ചു. 2009 മുതൽ മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായി സേവനമനുഷ്ഠിച്ചുവരുന്ന വിനോദ് സമൂഹമാധ്യമത്തിലൂടെയാണ് രാജിവിവരം അറിയിച്ചത്.
14 വർഷത്തോളമായി കാരവന്റെ പത്രാധിപ സംഘത്തെ നയിക്കന്നത് വയനാട് സ്വദേശിയായ വിനോദ് കെ ജോസാണ്. അമിത് ഷായ്‌ക്കെതിരായ വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം, അദാനി കോൾഗേറ്റ് അഴിമതി, കോമൺവെൽത്ത് ഗെയിംസ് അഴിമതി, അമിത് ഷായുടെ മകൻ ജയ് ഷായുടെ ബാങ്ക് ലോൺ തട്ടിപ്പ്, ഹിന്ദുത്വ ഭീകരവാദ ശൃംഖലകൾ തുടങ്ങി രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒട്ടേറെ സംഭവങ്ങൾ ദി കാരവനിലൂടെ വെളിച്ചം കാണിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിനായി. ഡൽഹിയിൽ ഇന്ത്യൻ എക്‌സ്പ്രസിൽ ജോലി ചെയ്യുമ്പോൾ പാർല്ലമെന്റ് ആക്രമണം നേരിട്ട് റിപ്പോർട്ട് ചെയ്യാനും അദ്ദേഹത്തിനായി.
പുതിയ തട്ടകം എവിടെയാണെന്ന് പൂർണമായി വ്യക്തമാക്കിയില്ലെങ്കിലും റിപ്പോർട്ടിംഗ് രംഗത്ത് കൂടുതൽ സജീവമായുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒരു പ്രസാധക ഗ്രൂപ്പിനായി ഏറ്റെടുത്ത പുസ്തകത്തിന്റെ എഴുത്ത് പൂർത്തിയാക്കുകയാണ് ആദ്യ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള പുസ്തകമാണ്. പത്തുവർഷം മുമ്പാണ് ഈ പുസ്തകത്തിന്റെ പണിപ്പുര ആരംഭിച്ചത്.
2009-ൽ തന്റെ 29-ാം വയസ്സിൽ കാരവനിൽ ചേരുന്നതിന് മുമ്പ് പസിഫിക് റേഡിയോ, ഇന്ത്യൻ എക്‌സ്പ്രസ്, എൻ.പി.ആർ, ബി.ബി.സി എന്നിവയ്ക്കായി ഫ്രീലാൻസ് റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പസിഫിക് റേഡിയോ ഗ്രൂപ്പ് പ്രൊഡ്യൂസറായും പ്രവർത്തിച്ചു.
മണിപ്പാൽ സർവകലാശാലയിൽനിന്ന് കമ്മ്യൂണിക്കേഷനിലും കൊളംബിയ സർവകലാശാലയിൽനിന്ന് ജേണലിസത്തിലും ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം, ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിൽനിന്ന് മാധ്യമ സാമൂഹിക ശാസ്ത്രത്തിൽ പി.എച്ച്.ഡിയും നേടി. നിലവിൽ ഹാർവാഡ് സർവകലാശാലയിൽ റാഡ്ക്ലിഫ് ഫെലോയാണ്. കേരളത്തിലെ സാഹിത്യോത്സവങ്ങളുടെ പട്ടികയിലേക്ക് വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് കൂടി സംഭാവന ചെയ്തതിൽ വിനോദിന്റെ പങ്ക് വളരെ വലുതാണ്.
തനിക്കൊപ്പം ജോലി ചെയ്തവരോടും സമുഹത്തിന്റെ വിവിധ തലങ്ങളിലുള്ള കോൺട്രിബ്യൂഷൻ നൽകിയവരോടും അദ്ദേഹം നന്ദി പറഞ്ഞു. താൻ ഒരു എഡിറ്ററുടെ എ.സി മുറിയിൽ സുന്ദരമായി അടച്ചിട്ടിരിക്കുകയായിരുന്നെങ്കിലും മാധ്യമപ്രവർത്തനത്തിന്റെ തന്റെ 25-മത് വർഷത്തിലും ഒരു റിപ്പോർട്ടറായാണ് അറിയാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)