കാസർകോഡ് - ബൈബിൾ കത്തിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. കാസർകോഡ് എരിഞ്ഞിപ്പുഴ മുസ്തഫ എന്ന യുവാവിനെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്.
വിവിധ മതവിശ്വാസികൾ സാഹോദര്യത്തിലും സഹവർത്തിത്വത്തിലും ജീവിക്കുന്ന കേരളത്തിലെ സമാധാനാന്തരീക്ഷത്തിന് ഭംഗമുണ്ടാക്കാനുള്ള ബോധപൂർവ്വ ശ്രമം പ്രതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായാതായി പോലീസ് എഫ്.ഐ.ആറിൽ പറയുന്നു. ക്രൈസ്തവ മതവിശ്വാസികളെ വൃണപ്പെടുത്താനായി ഒരു മതത്തിന്റെ വിശുദ്ധഗ്രന്ഥം അവഹേളനകരമായ വിധം കത്തിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെ പ്രതി മനപ്പൂർവ്വം പ്രകോപനം സൃഷ്ടിച്ചതായും പോലീസ് വ്യക്തമാക്കി.
സ്വിറ്റ്‌സർലൻഡിൽ ഖുർആൻ കത്തിച്ചതിനോടുള്ള പ്രതികാരമെന്ന് പറഞ്ഞ് പ്രതി മുസ്തഫ ബൈബിൾ മേശപ്പുറത്തേക്ക് വയ്ക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ബൈബിളിന്റെ പേജുകൾ മറിച്ച് അതിന് പുറത്തേക്ക് വെളിച്ചെണ്ണ ഒഴിക്കുന്നു. കത്തിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ഗ്യാസ് സ്റ്റൗവ് കത്തിച്ച ശേഷം അതിന് മുകളിൽ ബൈബിളിന്റെ പേജുകൾ കമഴ്ത്തി വച്ച് കത്തിക്കുകയായിരുന്നു.
എന്നാൽ, ഏതെങ്കിലും ഒരു മതവിഭാഗം വിശുദ്ധമെന്ന് കരുതുന്ന ഗ്രന്ഥങ്ങളെയോ മറ്റോ കത്തിച്ച് പ്രതികാരം ചെയ്യുന്നത് ആരുടെ ഭാഗത്തുനിന്നായാലും നീതീകരിക്കാവതല്ലെന്ന് പണ്ഡിതർ വ്യക്തമാക്കുന്നു. മതഗ്രന്ഥങ്ങൾ കത്തിച്ചും ആരാധനാലയങ്ങൾ ആക്രമിച്ചും മതത്തെയും മതവിശ്വാസികളെയും ഒരാളും നിന്ദിക്കരുതെന്നും ഇവർ ഓർമിപ്പിക്കുന്നു. ഓരോരുത്തർക്കും അവരുടെ വിശ്വാസ ആചാരാനുഷ്ഠാനങ്ങൾ വച്ച് പുലർത്തി ജീവിക്കാൻ സാധിക്കണമെന്നും പ്രകോപനങ്ങൾ എല്ലാവരും ഒഴിവാക്കണമെന്നും മതപണ്ഡിതർ ഓർമിപ്പിക്കുന്നു. കാലാതിവർത്തിയായ ആശയങ്ങൾ ഏതെങ്കിലും മതഗ്രന്ഥങ്ങൾ കത്തിക്കുന്നതിലൂടെ ഇല്ലാതാവില്ലെന്നും അക്രമികൾക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാവണമെന്നും ഇരട്ടത്താപ്പ് പാടില്ലെന്നും ഓർമിപ്പിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)