വാഷിംഗ്ടണ്‍- വീഡിയോയിലെ വിറയ്ക്കുന്ന കൈകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ട്രോളുകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ ഗായികയും നടിയുമായ സെലീന ഗോമസ് തന്റെ രോഗത്തെ കുറിച്ച് വീണ്ടും വിശദീകരിച്ചു. ചര്‍മ്മം, വൃക്ക, ഹൃദയം, നാഡീവ്യൂഹം, രക്തകോശങ്ങള്‍ എന്നിവയെ ബാധിക്കുന്ന ലൂപ്പസ് രോഗമാണ് തന്റെ കൈകള്‍ വിറയ്ക്കാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു. ടിക് ടോകില്‍ നല്‍കിയ വീഡിയോയിലാണ് സെലീന ഗോമസിന്റെ കൈകള്‍ വിറയ്ക്കുന്നത് ആരാധകരുടെ ശ്രദ്ധയില്‍ പെട്ടതും അവര്‍ അതേക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചതും.
മേക്കപ്പ് നീക്കം ചെയ്യുന്നതിനായി ഉല്‍പ്പന്നങ്ങള്‍ പ്രയോഗിക്കുന്നതിന്റെ ഒരു വീഡിയോ ആണ് ഈ മാസാദ്യം താരം പോസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ ഒരു തൂവാല കൊണ്ട് മുഖം കഴുകുന്നുമുണ്ട്. ഇതിനു പിന്നാലെയാണ് വീഡിയോയില്‍ കൈകള്‍ വിറയ്ക്കുന്നത് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ സെലീനയെ ട്രോളി തുടങ്ങിയത്.
ലൂപ്പസിന് മരുന്ന് കഴിക്കുന്നുണ്ടെന്നും അതാണ് കൈകള്‍ വിറയ്ക്കാന്‍ കാരണമെന്നും നടി ആരാധകരെ അറിയിച്ചു. 2104 ല്‍ രോഗ നിര്‍ണയം നടത്തിയതുമുതല്‍ പലപ്പോഴായി നടി ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. രോഗപ്രതിരോധ ശേഷി കൂടി കുറയുന്ന രോഗം കാരണം 2017 ല്‍ സെലീനയുടെ കിഡ്‌നി മാറ്റിവെച്ചിരുന്നു.
എല്ലായ്‌പ്പോഴും ഈ സ്ത്രീയോട് നിങ്ങള്‍ മോശമായാണ് പെരുമാറുന്നത് ആരാധകരില്‍ ഒരു വിഭാഗം ട്രോളുന്നവരെ ചോദ്യം ചെയ്യുന്നുണ്ട്.
സെലീന ഗോമസ്: മൈ മൈന്‍ഡ് ആന്റ് മി എന്ന തലക്കെട്ടില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ ലൂപ്പസുമായുള്ള തന്റെ പോരാട്ടത്തെ കുറിച്ച് 30 കാരിയായ സൂപ്പര്‍ താരം കൂടുതല്‍ വിശദീകരിച്ചിരുന്നു.
ചെറുപ്പത്തിലൊന്നും തനിക്ക് ഇത് അനുഭവപ്പെട്ടിട്ടില്ലെന്നാണ് സന്ധി വേദനയെക്കുറിച്ച് സെലീന ഡോക്യുമെന്ററിയില്‍ പറയുന്നത്. വിശദീകരിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുകയും ചെയ്തു. രാവിലെ ഉണരുമ്പോള്‍ തന്നെ കരയാന്‍ തുടങ്ങുമെന്നും സന്ധികളില്‍ അത്രമാത്രം വേദനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആരോഗ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒട്ടും വിട്ടുകൊടുക്കാന്‍ തയാറല്ല ബൈപോളാര്‍ ഡിസോര്‍ഡര്‍ രോഗത്തെ കുറിച്ചും നേരത്തെ വെളിപ്പെടുത്തിയ സെലീന ഗോമസ്. സ്വന്തത്തെ സ്‌നേഹിക്കുന്നതിലും ആശ്ലേഷിക്കുന്നതിലുമാണ് തന്റെ ശ്രദ്ധയെന്നാണ് ഡോക്യുമെന്ററിയില്‍ അവര്‍ പറയുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)