കറാച്ചി- പാക്കിസ്ഥാനിലെ പെട്രോള്‍ പമ്പുകളില്‍ ജനക്കൂട്ടം. സാമ്പത്തിക, ഭക്ഷ്യ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുകയാണ്. ഫെബ്രുവരി ഒന്നു മുതല്‍ പെട്രോളിനും ഡീസലിനും ലീറ്ററിന് 80 രൂപ വരെ വര്ധിക്കുമെന്നപ്രചാരണത്തെ തുടര്‍ന്നാണ് മുന്‍കൂട്ടി ഇന്ധനം വാങ്ങാനായി ജനങ്ങള്‍ തമ്പടിച്ചത്.
എന്നാല്‍, സര്‍ക്കാര്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയാണ്. രണ്ടാഴ്ചത്തേക്ക് ഇന്ധനവിലയില്‍ മാറ്റമുണ്ടാകില്ലെന്ന് പാകിസ്ഥാന് ഓയില്‍ ആന്‍ഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. അതേസമയം, പാക്കിസ്ഥാന് രൂപയുടെ മൂല്യത്തകര്‍ച്ചയും രാജ്യാന്തര എണ്ണവിലയിലുണ്ടാകുന്ന മാറ്റവും കണക്കിലെടുത്ത് ഫെബ്രുവരി 15 മുതല്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
2022 ല്‍ വിലക്കയറ്റം 25 ശതമാനം വരെ വര്‍ധിച്ചെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ റിപ്പോര്‍ട്ട്. അതിന്റെ ഫലമായി ഇന്ധനം, അരി, മറ്റു ഭക്ഷ്യധാന്യങ്ങള്‍, പഞ്ചസാര തുടങ്ങിയവക്കും വില കുത്തനെ കൂടി. ചില പച്ചക്കറികള്‍ക്ക് 500 ശതമാനം വരെ വില കയറിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് വില.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)