ചെന്നൈ - കാമുകിയുമായുള്ള ബന്ധം പിരിഞ്ഞതിന്റെ വിഷമത്തിൽ മെഴ്‌സിഡസ് ബെൻസ് കാറിന് തീയിട്ട് അതിനുള്ളിലിരുന്ന് ഡോക്ടർ. തമിഴ്‌നാട്ടിലെ ധർമപുരി സ്വദേശിയായ 29-കാരനായ ഡോക്ടറാണ് സ്വന്തം കാറിന് തീവെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
കാമുകിക്കൊപ്പം സമയം ചിലവിട്ടിരുന്ന കുളത്തിനരികിൽ വച്ചാണ് ഡോക്ടർ കാറിന് തീ കൊടുത്ത് ജീവനൊടുക്കാൻ ശ്രമിച്ചത്. കാർ കത്തിനശിച്ചതായാണ് വിവരം.
കാറിൽ തീ പടരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ച് ഡോക്ടറെ പുറത്തെത്തിച്ചത്. ബെൻസിന് തീവച്ച ശേഷം ഡോക്ടർ കാറിനുള്ളിൽ തന്നെ ഇരുന്ന് ആത്മഹത്യക്ക് ശ്രമിച്ചതായാണ് പോലീസ് നിഗമനം.
കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ സഹപാഠികളായിരുന്നു ഇരുവരും. എന്നാൽ കുറച്ചായി ഇരുവരും ബന്ധം വേർപിരിഞ്ഞിരുന്നു. ഇതിനുപിന്നാലെ ഡോക്ടർ വിഷാദത്തിലായി, ചികിത്സയിലാണ്. ധർമപുരി സ്വദേശിയായ ഡോക്ടർ ഒരു മെഡിക്കൽ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വീരജവാന് വിടചൊല്ലി നാട്; ഇളംപ്രായത്തിൽ രാജ്യത്തിന് നഷ്ടമായ നുഫൈൽ ഇനി ജ്വലിക്കുന്ന ഓർമ
അരീക്കോട് (മലപ്പുറം) - ജമ്മു കശ്മീരിലെ ലഡാക്കിൽ മരിച്ച മലയാളി സൈനികൻ അരീക്കോട് കുനിയിൽ സ്വദേശി കെ.ടി നുഫൈൽ (27) ഇനി ജ്വലിക്കുന്ന ഓർമ. സൈനികർ ജന്മനാട്ടിലെത്തിച്ച മൃതദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരങ്ങളാണ് കുനിയിലെ കോലത്തുംതൊടിയിലെ വീട്ടിലെത്തിയത്.
മൃതദേഹം ഇന്ന് രാവിലെ വീട്ടിലും കൊടുവങ്ങാട്ടെ മൈതാനത്തും പൊതുദർശനത്തിന് വെച്ച ശേഷം കുനിയിൽ ഇരിപ്പാക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.
ഇന്നലെ രാത്രി ഇൻഡിഗോ വിമാനത്തിൽ എത്തിയ മൃതദേഹം കരിപ്പൂർ എയർപോർട്ടിൽ വച്ച് മലപ്പുറം ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ ഏറ്റുവാങ്ങി. ജില്ലാ ഭരണകൂടത്തിനുവേണ്ടി കലക്ടർ, സി.ഐ.എസ്.എഫ് ഡയരക്ടർ, എയർപോർട്ട് അഥിറിറ്റി ഡയരക്ടർ തുടങ്ങിയവർ മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് കരിപ്പൂർ ഹജ്ജ് ഹൗസിൽനിന്ന് രാവിലെ വിലാപയാത്രയായി ആംബുലൻസിൽ ജന്മനാട്ടിലെത്തിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ഒരാഴ്ച മുമ്പ് നാട്ടിൽനിന്ന് ലഡാക്കിലെ സൈനിക ക്യാമ്പിലേക്ക് മടങ്ങിയ നുഫൈൽ വ്യാഴാഴ്ചയാണ് ലഡാക്കിൽ മരിച്ചത്. വ്യാഴാഴ്ച രാവിലെ ഭാര്യയെ വിളിച്ചിരുന്നു. അന്ന് രാത്രി ഒൻപതരയോടെ ശ്വാസതടസ്സം ഉണ്ടാവുകയായിരുന്നു. തുടർന്ന് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആറുമാസത്തിനകം കോയമ്പത്തൂരിലേക്കു സ്ഥലംമാറ്റം പ്രതീക്ഷിച്ചിരിക്കെയാണ് വിയോഗം. അസം, മേഘാലയ ഉൾപ്പെടെ എട്ടുവർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ രണ്ടുവർഷമായി കശ്മീരിലാണ്. ആർമി പോസ്റ്റൽ സർവീസിൽ ശിപായിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഡിസംബർ അവസാനം നാട്ടിലെത്തിയ നുഫൈൽ, ജനുവരി രണ്ടിന് മുക്കം നെല്ലിക്കാപറമ്പിന് അടുത്ത കുളങ്ങര സ്വദേശിനി മിൻഹ ഫാത്തിമയുമായി നിക്കാഹ് കഴിഞ്ഞ് 22നാണ് ലഡാക്കിലേക്ക് മടങ്ങിയത്. നാട്ടിലുണ്ടാകുമ്പോൾ സാമൂഹിക-സാംസ്‌കാരിക രംഗത്തെല്ലാം നിറസാന്നിധ്യമായിരുന്ന വീരജവാനെ കണ്ണീരോടെയാണ് നാട് യാത്രാമൊഴി നൽകിയത്.
ഹയർസെക്കൻഡറി വരെ കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസിലാണ് പഠിച്ചത്. നുഫൈലിന്റെ പിതാവ് മുഹമ്മദ് കുഞ്ഞാൻ നേരത്തേ മരിച്ചിരുന്നു. ആമിനയാണ് മാതാവ്. ഫൗസിയ, ശിഹാബുദ്ദീൻ, മുഹമ്മദ് ഗഫൂർ, സലീന, ജസ്‌ന സഹോദരങ്ങളാണ്.