ഇന്ത്യന്‍ സിനിമയിലെ വിസ്മയമാണ് സ്റ്റൈല്‍ മന്നന് രജനീകാന്ത്. തമിഴ് നാട്ടില്‍ മാത്രമല്ല ലോകത്തെവിടെയും അദ്ദേഹത്തിന് വലിയ ആരാധക വൃന്ദമുണ്ട്. പ്രായമേറുകയാണെങ്കിലും അദ്ദേഹത്തിന് പകരം വെക്കാനുള്ള ഒരു നടന് ഇന്ത്യന്‍ സിനിമയില്‍ ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ ഒരു കാലത്ത് അദ്ദേഹത്തിന്റെ ജീവിതം കള്ളുകുടിയും പുകവലിയുമടക്കമുള്ള എല്ലാ ദു:ശ്ശീലങ്ങളെക്കൊണ്ടും നിറഞ്ഞതാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഇതില്‍ നിന്നെല്ലാം അദ്ദേഹത്തെ മോചിപ്പിച്ചു കൊണ്ട് വന്നത് ഭര്യ ലതയാണ്.
സിനിമാ താരമെന്ന നിലയിലുള്ള രജനികാന്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുകയും ദു:ശ്ശീലങ്ങളെല്ലാം സഹിച്ച് അവര്‍ അദ്ദേഹത്തിന് ഒപ്പം നില്‍ക്കുകയും ചെയ്തു. കഴിഞ്ഞ 41 വര്‍ഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. സിനിമ പോലെ തന്നെ ആയിരുന്നു രജനിയുടേയും ലതയുടേയും പ്രണയകഥയും.
തന്റെ അഭിമുഖം എടുക്കാന്‍ വന്ന ലതയെ ആദ്യ കാഴ്ചയില്‍ തന്നെ രജനിക്ക് ഇഷ്ടമാവുകയായിരുന്നു. പിന്നീട് വിവാഹാഭ്യര്‍ത്ഥന നടത്തി വീട്ടുകാരുടെ സമ്മതത്തോടെ രജനി 1981 ല്‍ ലതയെ താലി ചാര്‍ത്തുകയായിരുന്നു. ഇപ്പോഴിതാ, രജനി ഭാര്യ ലതയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. തന്റെ ആരോഗ്യകരമായ ജീവിതത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ഭാര്യയ്ക്ക് നല്‍കുകയാണ് രജനീകാന്ത്.
താന്‍ ബസ് കണ്ടക്ടറായിരുന്ന സമയത്ത് തനിക്ക് ധാരാളം ദുശ്ശീലങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതെല്ലാം മാറ്റിയെടുത്തത് ഭാര്യ ലതയാണെന്നുമാണ് രജനീകാന്ത് പറഞ്ഞത്. ഭാര്യാ സഹോദരനും നടനും നാടകകൃത്തുമായ വൈ ജി മഹേന്ദ്രയ്ക്ക് ഒപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് രജനി ഇക്കാര്യം പറഞ്ഞത്.
'വൈ ജി മഹേന്ദ്രയെക്കുറിച്ച് ഞാന്‍ എന്താണ് പറയേണ്ടത്? ലതയെ എനിക്ക് പരിചയപ്പെടുത്തിയതും വിവാഹം കഴിച്ചു തന്നതും അദ്ദേഹമാണ്. എനിക്ക് ഇപ്പോള്‍ 73 വയസ്സായി. എന്റെ ഈ ആരോഗ്യത്തിന് കാരണം ഭാര്യയാണ്. ഞാന്‍ ബസ് കണ്ടക്ടറായിരുന്നപ്പോള്‍, ചില മോശം കൂട്ടുകെട്ടുകള്‍ കാരണം, എനിക്ക് ഒരുപാട് ദുശ്ശീലങ്ങള്‍ ഉണ്ടായിരുന്നു, അന്നൊക്കെ ഞാന്‍ ദിവസവും രണ്ടുനേരം മട്ടണ്‍ കഴിക്കുമായിരുന്നു. എന്നും മദ്യപിക്കുമായിരുന്നു, എത്ര സിഗരറ്റാണ് ദിവസവും വലിച്ച് കൂട്ടിയതെന്ന് ഒരുപിടിയുമില്ല. സിനിമയില്‍ വന്നതിനു ശേഷം പണവും പ്രശസ്തിയും കൂടിയപ്പോള്‍ ഇതൊക്കെ എത്രത്തോളം വര്‍ധിച്ചിട്ടുണ്ടാവുമെന്ന് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ദിവസവും രാവിലെ എനിക്ക് മട്ടണും അപ്പവും ചിക്കനും കഴിക്കണം. വെജിറ്റേറിയന്‍ ആയവരെയൊക്കെ ഞാന്‍ പുച്ഛത്തോടെയാണ് കണ്ടിരുന്നത്, അവരൊക്കെ എന്താണ് ഈ കഴിക്കുന്നതെന്ന് ഞാന്‍ അത്ഭുതപ്പെടുമായിരുന്നു. സത്യം പറഞ്ഞാല്‍, സിഗരറ്റ്, മദ്യം, മാംസം ഇതൊരു അപകടം പിടിച്ച കോമ്പിനേഷനാണ്. നിയന്ത്രണമില്ലാതെ ഇതെല്ലാം കഴിക്കുന്നവര്‍ 60 വയസിനപ്പുറം ആരോഗ്യത്തോടെ ജീവിച്ചിട്ടില്ല. 60 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ പലര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ വരും. അതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്, ആരെയും പേരെടുത്ത് പറയുന്നില്ല, ഭാര്യ എന്നെ സ്നേഹം കൊണ്ട് മാറ്റിയെടുത്തു. സ്നേഹം കൊണ്ടും ഡോക്ടര്‍മാരുടെ സഹായത്തോടെയും അവളെന്റെ ജീവിതത്തെ ചിട്ടയിലാക്കി. അതിന് വൈ ജി മഹേന്ദ്രനോട് നന്ദി പറയുന്നു,' രജനികാന്ത് പറഞ്ഞു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)