- യെല്ലോ ജേണലിസം കണ്ട് മതിയായെന്നും ഒരു സ്ത്രീയെയും ഇങ്ങനെ തരംതാഴ്ത്തി കാണിക്കരുതെന്നും നടിയുടെ മുന്നറിയിപ്പ്
മോഡലിംഗിൽനിന്നും സിനിമയിലെത്തിയ മലയാളത്തിന്റെ ഇഷ്ട നടിയാണ് ശ്വേത മേനോൻ. ഇപ്പോഴിതാ തനിക്കെതിരെ വന്ന ഒരു വ്യാജ വാർത്തയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിരിക്കുകയാണ് നടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒരു ഓൺലൈൻ മാധ്യമത്തിന്റെ വാർത്തയ്‌ക്കെതിരെ നടി ശ്വേത മേനോൻ പ്രതികരിച്ചത്.
മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ വിവാഹ ആലോചനയുമായി വന്നുവെന്ന വാർത്തയാണ് പക്വമതിയായ ഇവരെ പ്രകോപിപ്പിച്ചത്. 'എന്നോടുള്ള അടുപ്പം വച്ച് മോഹൻലാൽ കല്യാണാലോചനയുമായി വന്നിരുന്നു: ശ്വേത മേനോൻ' എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ തലക്കെട്ട്. ശ്വേതയുടെയും മോഹൻലാലിന്റെയും ചിത്രവും വാർത്തയ്ക്ക് ഒപ്പമുണ്ട്. ഈ വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് ശ്വേത മേനോൻ വ്യക്തമാക്കി.
അപകീർത്തിപരമായ ക്ലിക്ക് ബൈറ്റ് യെല്ലോ ജേണലിസം കണ്ട് മതിയായി. ഒരു സ്ത്രീയെയും ഇങ്ങനെ തരംതാഴ്ത്തി കാണിക്കാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല. സ്ത്രീകളെ കുറിച്ച് ഇങ്ങനെ ദുരുദ്ദേശപരമായ വാർത്തകളും നുണകളും പ്രചരിപ്പിക്കുന്നത് നിർത്തി അവരെ ബഹുമാനിക്കാൻ പഠിക്കൂവെന്നാണ് നടി ശ്വേത വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുച്ച് ഫേസ്ബുക്കിൽ കുറിച്ചത്.
വാർത്ത എടുത്തുമാറ്റിയില്ലെങ്കിൽ, നിയമനടപടി നേരിടാൻ തയ്യാറായിക്കൊള്ളൂവെന്നും വാർത്താ ലിങ്കിൽ ശ്വേത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജോമോൻ സംവിധാനം ചെയ്ത അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്വേത മേനോൻ. കാക്കക്കുയിൽ സിനിമയിൽ ഒന്നിച്ചഭിനയിച്ച ലാലും ശ്വേതയും, ബിഗ് ബോസിൽ എത്തിയപ്പോൾ മോഹൻലാൽ അവതാരകനും ശ്വേത മത്സരാർത്ഥിയുമായിരുന്നു. അപവാദ വാർത്ത തീർത്തും അടിസ്ഥാനരഹിതമെന്ന് നടിയുടെ പോസ്റ്റിൽ വ്യക്തമാണ്. 'മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നതിൽ തത്പരരായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് വായനക്കാർ ഉണ്ടെന്നു കരുതി സ്ത്രീകളെ അപമാനിക്കാൻ നിങ്ങൾക്കധികാരമില്ല' എന്നും ശ്വേത മേനോൻ ഓർമിപ്പിച്ചു.