മലയാളികളുടെ അനിയത്തി പ്രാവാണ് നടി ശാലിനി. അത്രയധികം ഇഷ്ടമായിരുന്നു ശാലിനിയോട് മലയാളികള്‍ക്ക്. ബാല താരമായും നായികയായുമെല്ലാം മലയാളത്തില്‍ നിരവധി സിനിമകളില്‍ ശാലിനി അഭിനയിച്ചിട്ടുണ്ട്. ഫാസിലിന്റെ അനിയത്തിപ്രാവ് സിനിമ മെഗാ ഹിറ്റായതിന് ശേഷം ശാലിനി തമിഴിലേക്ക് ചുവട് മാറ്റി. തമിഴ് സൂപ്പര്‍ താരം അജിത്തിനെ വിവാഹം കഴിച്ചതോടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രിയ താര ദമ്പതികളായി ഇവര്‍ മാറി. 1999 ല്‍ ഇറങ്ങിയ തമിഴ് സിനിമയായ ' അമര്‍ക്കള 'ത്തില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ശാലിനിയും അജിത്തും പ്രണയത്തിലാവുന്നത്. 2000 ഏപ്രിലില്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ ശേഷം ശാലിനി അഭിനയ രംഗത്ത് നിന്ന് മാറി നില്‍ക്കുകയാണ്. അജിത്തും ശാലിനിയും ഒരുമിച്ച് അഭിനയിച്ച സിനിമയെക്കുറിച്ചും അവര്‍ എങ്ങെ പ്രണയത്തിലായി എന്നതിനെക്കുറിച്ചും ഒരു തമിഴ് ചാനലിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ശരണ്‍.
' എന്റെ സിനിമയായ അമര്‍ക്കളത്തിലേക്ക് ഹീറോയിന്‍ ആയി ആദ്യം പരിഗണിച്ചിരുന്നത് ജ്യോതികയെ ആയിരുന്നു. പക്ഷെ അവരുടെ പ്രതിഫലം ഞങ്ങളുടെ ബജറ്റിനുള്ളില്‍ ഒതുങ്ങില്ലായിരുന്നു. അപ്പോള്‍ ശാലിനി അഭിനയിച്ച അനിയത്തി പ്രാവിന്റെ റീമേക്കായ 'കാതലുക്ക് മര്യാദെ ' എന്ന സിനിമ വലിയ സക്‌സസ് ആയി നില്‍ക്കുകയാണ്. ശാലിനിയെ എല്ലാവരും ആഘോഷിക്കുന്നു. ഒരു നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജ് ഉണ്ട്. പക്ഷെ അവര്‍ എന്റെ സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു. ഇതിനിടെ ശാലിനിയോട് സംസാരിക്കാന്‍ ഞാന്‍ അമര്‍ക്കളത്തിലെ നായകനായ നിശ്ചയിച്ച അജിത്തിനോട് പറഞ്ഞു. അജിത് സംസാരിച്ച ശേഷം ശാലിനി തയ്യാറായി.
ഒരു മാസം പത്ത് ദിവസം അടുത്ത മാസം പത്ത് ദിവസം എന്നിങ്ങനെ ഇടവിട്ടാണ് അജിത്തിന്റെ ഡേറ്റ് എനിക്ക് കിട്ടിയത്. ഷൂട്ടിംഗ് ആരംഭിച്ച് ആദ്യ ഷെഡ്യൂള്‍ കഴിയവെ അദ്ദേഹം എന്നെ വിളിച്ചു. പടം വേഗം എടുത്ത് തീര്‍ക്കാം ഈ സിനിമയിലേക്കുള്ള എന്റെ ദിവസങ്ങള്‍ കൂടുമ്പോള്‍ ഞാന്‍ ഈ പെണ്‍കുട്ടിയെ ലവ് ചെയ്യുമോ എന്ന ഭയം ഉണ്ടെന്ന് പറഞ്ഞു. അതിനാല്‍ ഡേറ്റ് തരാം വേഗത്തില്‍ സിനിമ തീര്‍ക്കണമെന്ന് പറഞ്ഞു. ഡേറ്റ് കിട്ടി സിനിമ വേഗം തീര്‍ത്തെങ്കിലും അതിന് മുമ്പേ തന്നെ അജിത് ഭയന്നത് സംഭവിച്ചു, അവര്‍ ഇഷ്ടത്തിലായി കഴിഞ്ഞിരുന്നു ' ശരണ്‍ പറഞ്ഞു. പിന്നീട് കണ്ടത് അജിത്തും ശാലിനിയും തമിഴകത്തിന്റെ പ്രിയ താരദമ്പതികളായി മാറുന്നതാണ്.