തലശ്ശേരി- മകളെ നഷ്ടപ്പെട്ട അമ്മ പത്തു വർഷമായി നീതിക്കു വേണ്ടി അലയുകയാണ്. തലശ്ശേരി വടക്കുമ്പാട് മഠത്തുംഭാഗത്തെ അംഗൻവാടി ഹെൽപറായി വിരമിച്ച സരസ്വതിയാണ് ഈ ഹതഭാഗ്യ. പ്രിയപ്പെട്ട മകൾ ലോകത്തു നിന്ന് വിട്ടുപോയിട്ട് ജനുവരി 20ന് 10 വർഷം തികഞ്ഞു. എന്നിട്ടും മകളെ ഇല്ലാതാക്കിയവർക്ക് ശിക്ഷ വാങ്ങി നൽകാൻ സാധിക്കാത്ത സങ്കടത്തിലാണ് ഈ മാതൃത്വം.
ഞാനിനി അധികം ഉണ്ടാവില്ല. കണ്ണടയ്ക്കും മുമ്പ് മകളുടെ ഘാതകനെ വിലങ്ങണിയിച്ച് കാണണം, അതേയുള്ളൂ ഇനി. ഇതാണ് ആ പാവം അമ്മയുടെ ഏക ആവശ്യം. ഇതിനായി അവർ മുട്ടാത്ത വാതിലുകളും കയറിയിറങ്ങാത്ത അധികാര കേന്ദ്രങ്ങളുമില്ല. നൊന്തു പെറ്റ മക്കളെ കുരുതി കൊടുത്തും സ്വന്തം സുഖസൗകര്യങ്ങൾ തേടിപ്പോകുന്ന അമ്മമാരുള്ള നാട്ടിലാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മകളെ ഓർത്ത് കഴിഞ്ഞ 10 വർഷമായി ഉറക്കം നഷ്ടപ്പെട്ട ഒരു മാതാവിന്റെ നൊമ്പരക്കാഴ്ചയാണിത്. താളം തെറ്റിയ ഹൃദയവുമായി ആശുപത്രിയിലും വീട്ടിലുമായി ജീവിക്കുകയാണ് ഈ അമ്മ. ഉറങ്ങാൻ കിടന്ന് കണ്ണടയ്ക്കുമ്പോൾ മരിച്ച മകളെത്തും. വടക്കുമ്പാട് മഠത്തുംഭാഗത്തെ അംഗൻവാടി ഹെൽപറായി വിരമിച്ച സരസ്വതി പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മകൾ ചെങ്ങന്നൂരിൽ എൻജിനീയറിംഗിന് പഠിക്കുമ്പോഴാണ് ഈ അമ്മയെ വേദനയുടെ തീക്കുണ്ഠത്തിലേക്ക് എടുത്തെറിയപ്പെട്ട സംഭവം ഉണ്ടായത്. ആറുമാസം ഗർഭിണിയായ മകൾ സ്നേഹ ഭർത്താവ് പിണറായിയിലെ റെനീഷിനോടൊപ്പം ചെങ്ങന്നൂരിൽ വാടക വീട്ടിൽ കഴിയവെയാണ് ജീവനൊടുക്കിയത്. ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനാലാണ് ഗർഭിണിയായ മകൾ ആത്മഹത്യ ചെയ്തതെന്ന് സരസ്വതി പറയുന്നു. ഇക്കാര്യം രേഖപ്പെടുത്തി സരസ്വതി ചെങ്ങന്നൂർ പോലീസിൽ സംഭവം നടന്ന പിറ്റേ ദിവസം തന്നെ പരാതി നൽകിയിരുന്നു.
എന്നാൽ റെനീഷിനെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും സരസ്വതി പറയുന്നു. ഗർഭിണിയായ മകളെ ഭർത്താവ് ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതു കാരണം കോട്ടയത്തെ ഒരു കോൺവെന്റിൽ മാറി താമസിച്ചുവത്രെ.
അത്രയേറെ പീഡനങ്ങൾ തന്റെ മകൾ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ഇതാണ് മകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും സരസ്വതി പറയുന്നു. 2013 ജനുവരി 20 നാണ് സ്നേഹ ആത്മഹത്യ ചെയ്തത്. ഇതിൽ പിന്നീട് മുഖ്യമന്ത്രിക്കും പോലീസ് മേധാവികൾക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.