ചെന്നൈ- ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പിന്തുണ പ്രഖ്യാപിച്ചു. ഡി.എം.കെ സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.വി.കെ.എസ്. ഇളങ്കോവന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് കമല്‍ഹാസന്‍ അറിയിച്ചിരിക്കുന്നത്. കമല്‍ഹാസനോട് നന്ദിയറിയിക്കുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികരിക്കുകയും ചെയ്തു.
പുതിയ നീക്കത്തോടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍നീതി മയ്യം യു.പി.എ സഖ്യത്തില്‍ ചേരുന്നതിനുള്ള സാധ്യതയേറി. ഒരു വര്‍ഷത്തിനുശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യത്തെക്കുറിച്ച് ഇപ്പോള്‍ തീരുമാനിക്കാന്‍ സാധിക്കില്ലെന്ന് കമല്‍ പറഞ്ഞു. രാജ്യത്തിന്റെ നന്മക്കുവേണ്ടി ചില പാര്‍ട്ടികളുമായുള്ള ഭിന്നത മറക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണയാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പി.എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കമല്‍ഹാസന്‍ താത്പര്യം അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ഈറോഡിലെ സ്ഥാനാര്‍ഥിയുമായ ഇളങ്കോവനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കമല്‍ഹാസന്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായും കമല്‍ ഹാസന്‍ ചില രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
നിങ്ങള്‍ക്ക് പറയാനുള്ളത് വാട്‌സ്ആപ്പിലും അയക്കാം