കൊച്ചി- മാളികപ്പുറം സിനിമക്കെതിരെ വിമര്‍ശനാത്മകമായി റിവ്യു ഇട്ടതിന് യുട്യൂബറെ ഫോണിലൂടെ തെറി വിളിച്ചതിന് നടന്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞു. സീക്രെട്ട് ഏജന്റെന്ന യുട്യൂബ്, ഫേസ്ബുക്ക് പേജിന്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണി മുകുന്ദന്‍ ഫോണിലൂടെ തെറി വിളിച്ചിരുന്നത്.
താന്‍ പ്രതികരിച്ച രീതി ശരിയായില്ലെന്നും തെറ്റായി പോയെന്നുമാണ് താരം പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. സിനിമയെക്കുറിച്ചുള്ള വിമര്‍ശനങ്ങളാകാം എന്നാല്‍ അതില്‍ വീട്ടുകാരെയും ഉള്‍പ്പെടുത്തരുതെന്ന് ഉണ്ണിമുകുന്ദന്‍ പറയുന്നു.
അയ്യപ്പനെ വിറ്റ് കാശാക്കി എന്ന് പറഞ്ഞ സ്‌റ്റേറ്റ്‌മെന്റ് തന്നെ ക്ഷുപിതനാക്കിയെന്നും താരം പറഞ്ഞു. ചിത്രത്തില്‍ അഭിനയിച്ച കുട്ടിയെക്കുറിച്ച് പറഞ്ഞതും ശരിയായലില്ലെന്ന് ഉണ്ണിമുകുന്ദന്‍ കുറിച്ചു. താന്‍ പറഞ്ഞ കാര്യങ്ങളോട് ഇപ്പോഴും ഉറച്ചു നില്‍ക്കുന്നെന്നും എന്നാല്‍ പറഞ്ഞ രീതിയോര്‍ത്താണ് മാപ്പ് ചോദിക്കുന്നതെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.
വീഡിയോയിലൂടെ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നു എന്നാരോപിച്ചുകൊണ്ടാണ് നടന്‍ ഫോണിലൂടെ തെറിവിളിച്ചത്. ഉണ്ണി മുകുന്ദന്‍ തന്നെ തെറിവിളിക്കുന്ന ഫോണ്‍ സംഭാഷണം യുട്യൂബര്‍ തന്റെ യുട്യൂബ് പേജിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പുറത്ത് വിട്ടു. വീഡിയോ വൈറലാകുകയും ചെയ്തു.
ഭക്തി വിറ്റാണ് മാളികപ്പുറം സിനിമ വിജയം നേടിയതെന്നും സിനിമയുടെ മറ്റ് മോശം വശങ്ങളെയും കുറിച്ചാണ് സീക്രെട്ട് ഏജന്റ് വീഡിയോ പങ്കുവച്ചത്. മാളികപ്പുറം സിനിമയെ കുറിച്ച് ഇതുവരെ താന്‍ മൂന്ന് വീഡിയോ യുട്യൂബില്‍ പങ്കുവച്ചിട്ടുണ്ടെന്നും സായി വ്യക്തമാക്കി. എന്നാല്‍ ആ വീഡിയോയിലെ ഉള്ളടക്കം വ്യക്തിപരമായ ലക്ഷ്യത്തോടെയാണെന്നാരോപിച്ചുകൊണ്ടാണ് നടന്‍ ഉണ്ണി മുകുന്ദന്‍ യുട്യൂബറെ തെറി വിളിക്കുന്നത്. യുട്യൂബര്‍ തന്റെ മാതാപിതാക്കളെയും ചിത്രത്തില്‍ മാളികപ്പുറമായി അഭിനയിച്ച പെണ്‍കുട്ടിയെയും അവഹേളിക്കുന്നുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
അതേസമയം സിനിമയെ മോശം ഭാഗത്തെ മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് നടനെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നതെന്ന് യുട്യൂബര്‍ തിരിച്ചടിച്ചു. ഭക്തി വിറ്റുകൊണ്ട് തന്നെയാണ് നടന്‍ സിനിമയെ പ്രചരിപ്പിക്കുന്നത്. സിനിമയെ പറ്റി ഒരാള്‍ക്ക് അഭിപ്രായം പറയാന്‍ പറ്റില്ല, പറഞ്ഞു കഴിഞ്ഞാല്‍ ഇങ്ങനെയാണ് പല നടന്മാരും പ്രതികരിക്കുന്നതെന്ന് നാട്ടുകാര്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് താണ വീഡിയോ പുറത്ത് വിട്ടതെന്ന് സായി പറഞ്ഞു. തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് തെറി പറയാന്‍ ഉണ്ണി മുകുന്ദന് അവകാശമില്ലെന്നും അതുകൊണ്ടാണ് അതെ നാണയത്തില്‍ തന്നെ നടനോട് തിരിച്ചടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മാളികപ്പുറം ഇതിനോടകം തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയെന്ന് നടന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും വരുന്നു. കൂടാതെ ഫെബ്രുവരില്‍ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ് മാളികപ്പുറത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.