ന്യൂദല്‍ഹി- ലഖിംപൂര്‍ഖേരി കൂട്ടക്കൊല കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. എട്ട് ആഴ്ചത്തേക്കാണ് ജാമ്യം. ജാമ്യം ലഭിച്ച് ഒരാഴ്ചയ്ക്കകം തന്നെ ആശിഷ് മിശ്ര ഉത്തര്‍പ്രദേശ് വിട്ട പോകണമെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജെ.കെ മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.
ജാമ്യം ലഭിച്ച് എട്ടാഴ്ച സമയത്തിനുള്ളില്‍ ആശിഷ് മിശ്ര യുപിയിലോ ദല്‍ഹിയിലോ പ്രവേശിക്കാന്‍ പാടില്ല. പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ നല്‍കണം. വിചാരണ കോടതി നടപടികള്‍ക്കായി മാത്രമേ യുപിയിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ. സാക്ഷികളെ സ്വാധീനിക്കാന്‍ ആശിഷ് മിശ്രയോ കുടുംബമോ അണികളോ പ്രത്യക്ഷമായോ പരോക്ഷമായോ ശ്രമിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.
വിചാരണ കോടതി നടപടികള്‍ മുടങ്ങാതെ പങ്കെടുക്കണം. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ഇളവുകളും തേടരുത്. വിചാരണ നടപടികള്‍ വൈകിപ്പിക്കുന്നു എന്ന് ബോധ്യപ്പെട്ടാലും ജാമ്യം റദ്ദാക്കും. അഞ്ചു കര്‍ഷകര്‍ കൊല്ലപ്പെട്ട കേസിലാണ് ആശിഷ് മിശ്രയ്ക്ക് കോടതി ഇപ്പോള്‍ ഇടക്കാല ജാമ്യം അനുവദിച്ചത്. അതേസമയം, കര്‍ഷകര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകനും ഡ്രൈവറും കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നാല് പേര്‍ക്കും സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥകളും നടപടികളൂം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഇവരെ ഇടക്കാലത്തേക്ക് മോചിപ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ആശിഷ് മിശ്രയുടെ ജാമ്യ ഹര്‍ജി മാത്രമേ കോടതിയുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും സുപ്രീംകോടതി സ്വമേധയാ ഗുര്‍വീന്ദര്‍ സിംഗ്, കവാല്‍ജീത് സിംഗ്, ഗുര്‍പ്രീത് സിംഗ്, വിചിത്ര സിംഗ് എന്നിവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
കേസില്‍ സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്ന കാര്യത്തില്‍ വിചാരണ കോടതി പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. വിചാരണ നടപടികളുടെ പുരോഗമനം വിലയിരുന്ന റിപ്പോര്‍ട്ടും വിചാരണ കോടതി സുപ്രീംകോടതിക്കു നല്‍കണം. വിചാരണ കോടതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് അടുത്ത മാര്‍ച്ച് 14ന് വീണ്ടും പരിഗണിക്കും.
കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്ര വിചാരണ നടക്കില്ലെന്ന വാദത്തോട് വ്യക്തി സ്വാതന്ത്ര്യവും മെച്ചപ്പെട്ട വിചാരണയും നടക്കുന്നതിന് ഒരു സന്തുലനാവസ്ഥ ആവശ്യമാണെന്നായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം. നേരത്തേ ആശിഷ് മിശ്രയ്ക്ക് ജാമ്യം നല്‍കുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. ജാമ്യം നല്‍കിയാല്‍ അത് വളരെ തെറ്റായ സന്ദേശം സമൂഹത്തിന് കൈമാറുമെന്നായിരുന്നു യുപി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഗരിമ പ്രസാദ് വാദിച്ചത്. ആശിഷ് മിശ്രയ്ക്ക് വേണ്ടി മുതിര്‍ന്ന് അഭിഭാഷകന്‍ മുകുള്‍ രൊഹ്തഗിയും കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ദുഷ്യന്ത് ദവേയും ഹാജരായി. കേസില്‍ കഴിഞ്ഞ 19ന് വാദം കേട്ട ശേഷം വിധി പറയാനായി മാറ്റി വെക്കുകയായിരുന്നു. നേരത്തെ അലഹാബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് നല്‍കിയ ജാമ്യം ഹൈക്കോടതിക്ക് തെറ്റു പറ്റിയെന്ന് ചൂണ്ടിക്കാട്ടി 2022 ഏപ്രിലില്‍ അന്നത്തെ ചീഫ് ജസ്റ്റീസ് എന്‍.വി രമണ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് റദ്ദാക്കിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)