തിരുവനന്തപുരം - പൊങ്ങച്ചവും ധൂർത്തും അരങ്ങുവാഴുന്ന വിവാഹ വേദിയിൽ ലളിതവും മാതൃകാപരവുമായ ഇടപെടലുമായി സിവിൽ സർവീസിലെ യുവമിഥുനങ്ങളുടെ വിവാഹാഘോഷം. ഇന്ത്യൻ സിവിൽ സർവീസിലെ 113-ാം റാങ്കുകാരി കൂരോപ്പടയിലെ ആര്യ ആർ നായരും ദൽഹി സ്വദേശിയും അഹമ്മദാബാദിൽ നികുതി വകുപ്പിൽ അസിസ്റ്റന്റ് കമ്മിഷണറുമായ ശിവം ത്യാഗിയും തമ്മിലുള്ള വിവാഹമാണ് അർഹതപ്പെട്ട 20 പേരുടെ പഠനചെലവ് ഏറ്റെടുത്ത് നടത്തുന്നത്.
ഈമാസം 27ന് പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ലളിതമായായിരിക്കും വിവാഹമെന്ന് വധു ആര്യ ആർ നായർ ഫേസ് ബുക്കിൽ അറിയിച്ചു. വിവാഹാഘോഷങ്ങൾ ഒഴിവാക്കി, അർഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കും. പുതിയ യാത്രയിൽ എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണമെന്നും ആര്യ എഫ്.ബി പോസ്റ്റിൽ കുറിച്ചു. പ്രതിശ്രുത വരൻ ശിവത്തിനൊപ്പമുള്ള ചിത്രവും പങ്കുവച്ചു.
നാഗ്പൂരിൽ ഇന്ത്യൻ റവന്യൂ സർവീസിൽ (ഐ.ആർ.എസ്) പരിശീലനത്തിലാണിപ്പോൾ ആര്യ. ഏപ്രിലോടെ സർവീസിൽ പ്രവേശിക്കും. കൂരോപ്പട അരവിന്ദത്തിൽ റിട്ട. ജോയിന്റ് ലേബർ കമ്മിഷണർ ജി രാധാകൃഷ്ണൻ നായരുടെയും റിട്ട. അധ്യാപിക സുജാതയുടെയും മകളാണ് ആര്യ. അരവിന്ദനാണ് സഹോദരൻ.
ആർഭാടങ്ങളും പൊങ്ങച്ചങ്ങളും വർധിച്ചുവരുന്ന സമകാലിക വൈവാഹിക ചുറ്റുപാടിൽ തീർത്തും ലളിതവും മാതൃകാപരവുമായ യുവമിഥുനങ്ങളുടെ തീരുമാനത്തിന് സമൂഹമാമധ്യമങ്ങളിൽ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. പുതുസമൂഹത്തിന് മികച്ച സന്ദേശമാണ് ഇരുവരും നൽകുന്നതെന്നും കണ്ണുള്ളവർ ഇത്തരം കാഴ്ചകൾ മാതൃകയാക്കണമെന്നും പലരും ഓർമിപ്പിക്കുന്നു.
ആര്യയുടെ ഫേസ്ബുക്ക് കുറിപ്പ്:
ജീവിതത്തിലെടുത്ത തീരുമാനങ്ങളിൽ വളരെ മികച്ചത് എന്നെനിക്ക് തോന്നിയ ഒന്ന് നിങ്ങളെല്ലാവരുമായി പങ്കുവെയ്ക്കട്ടെ. എന്നെ അടുത്തറിയുന്നവർക്ക് തീർച്ചയായും ഇതിൽ പുതുമ തോന്നില്ല, കാരണം കോളേജ് കാലം മുതൽ പറഞ്ഞ് പറഞ്ഞ് ഉറപ്പിച്ചതാണിത്. ഈ വരുന്ന വെള്ളിയാഴ്ച (27.01.2023) കല്യാണം കഴിയ്ക്കാണ്. ആർഭാടങ്ങൾ ഒഴിവാക്കി പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരാകാൻ ആണ് എന്റെയും ശിവത്തിന്റെയും തീരുമാനം. പുതിയ ജീവിതം തുടങ്ങുന്ന സന്തോഷം ആഘോഷിക്കാൻ ഞങ്ങൾ വളരെ അർഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു. ഈ പുതിയ യാത്രയിൽ എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും ഒപ്പം ഉണ്ടാവണേ.