- ശൈശവ വിവാഹത്തിൽ നാലുപേർക്കെതിരെ കൂടി പോലീസ് കേസടുത്തു
തിരുവനന്തപുരം - പീഡനത്തിന് ഇരയായ 16-കാരിയായ വിദ്യാർത്ഥിനിയെ കേസിലെ പ്രതിക്കുതന്നെ വിവാഹം ചെയ്തുകൊടുത്ത നെടുമങ്ങാട് ശൈശവ വിവാഹക്കേസിൽ നാലുപേർക്കെതിരെ കൂടി പോലീസ് കേസടുത്തു. കേസിലെ മുഖ്യപ്രതി പനവൂർ സ്വദേശി അൽഅമീറിന്റെ സഹോദരനും സുഹൃത്തുക്കൾക്കുമെതിരെയാണ് പുതുതായി കേസെടുത്തത്.
ശൈശവ വിവാഹത്തിൽ പങ്കെടുത്തവരേയും കേസിൽ പ്രതി ചേർത്തു. കേസിൽ അൽഅമീർ, വിവാഹം നടത്തിക്കൊടുത്ത ഉസ്താദ് അൻവർ സാദത്ത്, പെൺകുട്ടിയുടെ പിതാവ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു ശൈശവ വിവാഹം. 2021ൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് വരൻ പനവൂർ സ്വദേശിയായ അൽഅമീർ(23). രണ്ട് പീഡന കേസിലും അടിപിടി കേസിലും പ്രതിയാണ് അൽഅമീർ. തൃശൂർ സ്വദേശിയും പനവൂരിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ ഉസ്താദ് അൻവർ സാദത്തിന്റെ നേതൃത്വത്തിലായിരുന്നു വിവാഹം.
പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാർത്ഥിനിയെ അൽ അമീർ, മൊബൈൽ ഫോൺ നല്കി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കേസിൽ റിമാൻഡിലായ പ്രതി കേസ് ഒഴിവാക്കാനുള്ള മാർഗമെന്ന നിലയിലാണ് തന്ത്രപരമായി പീഡിപ്പിച്ച കുട്ടിയെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.
അതിനിടെ, പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്കുതന്നെ മകളെ പ്രായപൂർത്തിയാകും മുമ്പേ വിവാഹം കഴിപ്പിച്ചതിന് അറസ്റ്റിലായ പിതാവിന്റെ മൊഴി പുറത്തുവന്നു. നാലു മാസത്തിനുശേഷം ജയിലിൽനിന്നിറങ്ങിയ പ്രതി വീട്ടിലെത്തി നിരന്തരം വിവാഹാഭ്യർത്ഥന നടത്തിയെന്നാണ് പെൺകുട്ടിയുടെ പിതാവ് പറഞ്ഞത്. വിസമ്മതിച്ചപ്പോൾ വാക്കേറ്റവും വഴക്കും സ്ഥിരമായി. സഹികെട്ടും ഭീഷണി ഭയന്നുമാണ് മകളുടെ വിവാഹം നടത്തിയതെന്നും അദ്ദേഹം പോലീസിന് മൊഴി നൽകി. ഉമ്മ മരിച്ചുപോയ പെൺകുട്ടിയിപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.
പെൺകുട്ടി സ്‌കൂളിൽ എത്താത്തതിനാൽ സ്‌കൂൾ അധികൃതർ വീട്ടിൽ തിരക്കിയപ്പോൾ സമീപവാസികളിൽ നിന്നാണ് വിവാഹക്കാര്യം അറിഞ്ഞത്. സ്‌കൂൾ അധികൃതർ അറിയിച്ചതിന് പിന്നാലെ പോലീസ് പെൺകുട്ടിയെ കൗൺസലിംഗ് നടത്തിയപ്പോഴാണ് വിവാഹത്തെക്കുറിച്ച് പറഞ്ഞത്. പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ്.