മലപ്പുറം - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടലിൽ വിമർശവുമായി സംഘടനയുടെ നിത്യ എതിരാളികളിൽ ഒരാളും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം ഷാജി. തീവ്രവാദത്തിന്റെ എരിതീയിൽ എണ്ണ ഒഴിക്കുന്നതാണ് സർക്കാർ നടപടി. പോപ്പുലർ ഫ്രണ്ടിനെതിരായ നടപടിയിൽ നീതി വേണമെന്നും ലീഗ് നീതിക്ക് വേണ്ടി ശബ്ദമുയർത്തുമെന്നും ഷാജി വ്യക്തമാക്കി. മലപ്പുറത്ത് ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുമുതൽ നശിപ്പിച്ച എല്ലാവരുടെയും സ്വത്ത് കണ്ടുകെട്ടുമോയെന്നും ഷാജി ചോദിച്ചു. ഇപ്പോൾ എസ്.ഡി.പി.ഐയുടെ നേതാക്കന്മാർക്കും പ്രവർത്തകർക്കുമെതിരെ എടുക്കുന്ന നടപടി നേരാണെന്ന് കരുതുന്നുണ്ടോ? തീവ്രവാദത്തിന്റെ കനലിൽ വീണ്ടും എണ്ണയൊഴിക്കുകയാണ്. നിങ്ങൾ നീതിയാണോ കാണിക്കുന്നത്? ഒരു സുപ്രഭാതത്തിൽ അവരുടെ വീടുകളിൽ കയറി നിരപരാധിയായ അമ്മയും ഭാര്യയും മക്കളും നോക്കിനിൽക്കെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നോട്ടീസ് ഒട്ടിക്കുന്നത് സാർവത്രിക നീതിയാണോ?- ഷാജി ചോദിച്ചു.
അതിനിടെ, പോപ്പുലർഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ട് ഹൈകോടതി ഇന്ന് പരിഗണിച്ചേക്കും. ജപ്തി നടപടികൾ പൂർത്തിയാക്കിയ ശേഷം നൽകിയ റിപ്പോർട്ട് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുക. ആകെ 209 പേരുടെ 248 സ്വത്തുക്കൾ ജപ്തി ചെയ്തതായാണ് ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിലുള്ളത്. മലപ്പുറം ജില്ലയിൽനിന്നാണ് ഏറ്റവുമധികം സ്വത്ത് ജപ്തി ചെയ്തത്. ഹർത്താലിന് അഞ്ചുമാസം മുമ്പേ കൊല്ലപ്പെട്ട പി.എഫ്.ഐ പ്രവർത്തകൻ പാലക്കാട് സ്വദേശി സുബൈറിന്റെ പേർ പട്ടികയിൽ ഉൾപ്പെട്ടതിൽ സർക്കാർ കോടതിയിൽ വിശദീകരണവും നൽകേണ്ടിവരും.