ന്യൂദൽഹി - ഗുജറാത്ത് കലാപം സംഘപരിവാർ സംഘടനയായ വി.എച്ച്.പി (വിശ്വ ഹിന്ദു പരിഷത്ത്) മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് റിപ്പോർട്ട്. ദി കാരവൻ പുറത്തുവിട്ട ഗുജറാത്ത് കലാപത്തെക്കുറിച്ചുളള ബ്രിട്ടീഷ് സർക്കാരിന്റെ അന്വേഷണത്തിന്റെ പകർപ്പിലാണ് പുതിയ വെളിപ്പെടുത്തൽ.
ഗുജറാത്ത് കലാപത്തിന് ഗോധ്ര തീവെയ്പ്പ് ഒരു നിമിത്തം മാത്രമാണ്. ഫെബ്രുവരി 27ന് ഗോധ്ര തീവെയ്പ്പ് ഉണ്ടായില്ലെങ്കിൽ മറ്റൊന്ന് കണ്ടെത്തുമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ആക്രമണം നടത്തിയവർ മുസ്‌ലിം വീടുകളും ബിസിനസ്സുകളും ലക്ഷ്യമിട്ട് ഡിജിറ്റൽ പട്ടിക തയ്യാറാക്കിയതായി പോലീസുമായി ബന്ധമുളളവർ സ്ഥിരീകരിച്ചു. മുസ്‌ലിം ഷെയർ ഹോൾഡിംഗ് ഉള്ള ബിസിനസുകൾ ഉൾപ്പെടെയുള്ളവയുടെ കൃത്യവും വിശദവുമായ ലിസ്റ്റ് സൂചിപ്പിക്കുന്നത് അവ മുൻകൂട്ടി തയ്യാറാക്കിയതാണെന്നാണ്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണെന്നും റിപ്പോർട്ടിലുണ്ട്.
ബി.ജെ.പി ഭരിച്ച ഗുജറാത്ത് സർക്കാരിന്റെ പിന്തുണയോടെയാണ് വി.എച്ച്.പിയും സഖ്യകക്ഷികളും പ്രവർത്തിച്ചത്. സംസ്ഥാന സർക്കാറിന്റെ സഹായവും പിന്തുണയുമില്ലാതെ അക്രമികൾക്ക് ഇത്രയധികം നാശനഷ്ടങ്ങൾ വരുത്താൻ കഴിയുമായിരുന്നില്ല. മുഖ്യമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണ്. 1995ൽ അധികാരത്തിൽ വന്നതുമുതൽ ബി.ജെ.പി പിന്തുടരുന്ന ഹിന്ദു ദേശീയവാദ അജണ്ടയുടെ ശില്പിയെന്ന നിലയിൽ മോദി വി.എച്ച്.പിയുടെ പ്രത്യയശാസ്ത്ര പ്രചോദനത്തിൽ വിശ്വസിക്കുന്നയാളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്തതിലെ പോലീസിന്റെ പങ്കാളിത്തവും അക്രമത്തിന്റെ വ്യാപ്തിയുമെല്ലാം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്ത് സർക്കാരിന്റെ സംരക്ഷണവലയം പ്രതികൾക്ക് വലിയ ആശ്വാസവും ആത്മവിശ്വാസവും പകർന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ബി.ബി.സിയുടെ ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററിക്കെതിരെ കേന്ദ്ര സർക്കാർ രംഗത്തെത്തിയതിന് പിന്നാലെയാണ് കാരവൻ റിപ്പോർട്ട് പുറത്തുവിട്ടത്. ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ബി.ബി.സി തയ്യാറാക്കിയ ഡോക്യുമെന്ററി വിവാദത്തിലായതോടെ ഇതിനെതിരെ കേന്ദ്രസർക്കാർ പരസ്യമായി രംഗത്തുവരികയുണ്ടായി. ഡോക്യുമെന്ററി വിദേശ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കേന്ദ്രസർക്കാറിന്റെ വാദം. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് രാത്രിയാണ് ഔദ്യോഗികമായി പുറത്തിറങ്ങുക. ആദ്യ ഭാഗം മോദി സർക്കാർ യൂട്യൂബ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽനിന്ന് പിൻവലിച്ചിരുന്നു.
സംഭവം വിവാദമായതോടെ ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളുമെല്ലാം രംഗത്തുവന്നിട്ടുണ്ട്. എന്നാൽ ഇത് തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അനുകൂലികളുടെ ഭീഷണിയും നിലവിലുണ്ട്.
ഗുജറാത്ത് വംശഹത്യയെക്കുറിച്ചും അതിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചുമാണ് ബി.ബി.സിയുടെ ഡോക്യുമെന്ററിയിൽ പറയുന്നത്. 'ഗുജറാത്തിലെ സംഭവങ്ങളിൽ ഞാൻ ഏറെ അസ്വസ്ഥനായിരുന്നുവെന്നും നമുക്ക് വലിയ ബന്ധമുള്ള രാജ്യമാണ് ഇന്ത്യയെന്നതിനാൽ വിഷയം അതിജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതായി വന്നു' എന്നും അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്‌ട്രോ ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ബ്രിട്ടീഷ് അന്വേഷണസംഘം അന്ന് ഗുജറാത്ത് സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
ഗുജറാത്തിൽ വംശഹത്യ അരങ്ങേറിയപ്പോൾ മോദിയായിരുന്നു മുഖ്യമന്ത്രി. ലോകസമൂഹത്തിന് മുമ്പിൽ ഇന്ത്യക്കു നാണക്കേടുണ്ടാക്കി, ഒരുവിഭാഗത്തെ തെരഞ്ഞെുപിടിച്ച് കൂട്ടക്കശാപ്പു ചെയ്ത സംഭവത്തിൽ, മോദിയെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയ് രാജധർമം ഓർമിപ്പിച്ചിരുന്നു.
ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ സത്യം ഒരിക്കലും മറച്ച് വയ്ക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. നിരോധിച്ചാലും സത്യം കൂടുതൽ പ്രകാശത്തോടെ പുറത്ത് വരും. മാധ്യമങ്ങളെയും, ഭരണഘടന സ്ഥാപനങ്ങളെയും അടിച്ചമർത്താം. എന്നാൽ സത്യത്തെ അടിച്ചമർത്താനാവില്ല. ജനങ്ങളെ ഭയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. വിവാദ ബി.ബി.സി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ഇടത് സംഘടനകളും യൂത്ത് കോൺഗ്രസും വ്യക്തമാക്കി.