കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അഹമ്മദാബാദ്- കോടതി വിധികളെ ഏറെ ബഹുമാനത്തോടെയാണ് എല്ലാവരും കാണാറുള്ളത്. നീതി നിഷേധിക്കപ്പെടുമ്പോഴുള്ള അവസാനത്തെ അത്താണിയാണ് കോടതികള്‍. എന്നാല്‍ കോടതികളും സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ചില തലതിരിഞ്ഞ വിധികളും നിര്‍ദ്ദേശങ്ങളും മണ്ടത്തരങ്ങളും പുറപ്പെടുവിച്ചാലോ? അത്തരമൊരു വിധിയാണ് ഗുജറാത്തിലെ ജില്ലാ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. പശുവിനെ കശാപ്പ് ചെയ്യുന്നതു നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും മാറുമെന്നാണ് ഗുജറാത്തിലെ താപി ജില്ലാകോടതി ജഡ്ജി പറുന്നത്. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസില്‍ 22 കാരന് ജീവപര്യന്തം ശിക്ഷ വിധിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ വീഴാത്ത ദിവസം മാത്രമേ ഭൂമിക്ക് ക്ഷേമം ഉണ്ടാകൂ എന്നും താപി ജില്ലാ കോടതി അധ്യക്ഷനായ സെഷന്‍സ് ജഡ്ജി എസ്. വി. വ്യാസ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ചാണകം കൊണ്ട് നിര്‍മിച്ച വീടുകളെ ആറ്റോമിക് റേഡിയേഷന്‍ ബാധിക്കില്ലെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടെന്നും മരുന്നു കണ്ടുപിടിക്കാത്ത പല രോഗങ്ങള്‍ക്കും ഗോമൂത്രം മരുന്നായി ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു. പശുവിന് വംശനാശം സംഭവിച്ചാല്‍ പ്രപഞ്ചമാകെ ഇല്ലാതാകുമെന്നും സംസ്‌കൃത ശ്ലോകം ഉദ്ധരിച്ച് കോടതി പറഞ്ഞു. വേദങ്ങളുടെ ഉത്ഭവം പശുക്കള്‍ മൂലമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പശുക്കളെ കൊല്ലുന്നത് അനുവദിക്കാന്‍ ആകില്ലെന്നും പശുവിനെ കൊല്ലുന്നതും അനധികൃതമായി കൊണ്ടുപോകുന്നതും ഒരു പരിഷ്‌കൃത സമൂഹത്തിന് നാണക്കേടു തോന്നേണ്ട പ്രവൃത്തി ആണെന്നും കോടതി വ്യക്തമാക്കി. 24 പേജ് നീളുന്നതായിരുന്നു ഉത്തരവ്.
'പശു ഒരു മൃഗം മാത്രമല്ല, അത് അമ്മ കൂടിയാണ്. അതിനാലാണ് പശുവിന് അമ്മയുടെ പേര് നല്‍കിയിരിക്കുന്നത്. പശുവിന്റെ അത്രയും നന്ദിയുള്ളവരല്ല മറ്റാരും തന്നെ. 68 കോടി പുണ്യസ്ഥലങ്ങളുടെയും കോടാനുകോടി ദേവന്മാരുടെയും ജീവനുള്ള ഗ്രഹമാണ് പശു. പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ വീഴാത്ത ദിവസം ഇവിടുത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ഭൂമിയുടെ ക്ഷേമം പുന:സ്ഥാപിക്കപ്പെടുകയും ചെയ്യും. പശു സംരക്ഷണത്തെക്കുറിച്ചും പശുവളര്‍ത്തലിനെക്കുറിച്ചും ധാരാളം ചര്‍ച്ചകള്‍ രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും അവയൊന്നും പ്രാവര്‍ത്തികമാകുന്നില്ല'' കോടതി പറഞ്ഞു.
രാജ്യത്തെ പശുക്കളുടെ 75 ശതമാനവും നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ അതിന്റെ 25 ശതമാനം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ജഡ്ജി എസ് വി വ്യാസിന്റെ ഉത്തരവില്‍ പറയുന്നു.
''നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപതു വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഗോവധം ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നു മാത്രമല്ല, അത് വര്‍ദ്ധിക്കുകയും ചെയ്തു. മനുഷ്യന്റെ കോപം വര്‍ധിച്ചതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഗോവധം പൂര്‍ണമായും നിരോധിക്കുന്നതുവരെ, ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകില്ല'', കോടതി കൂട്ടിച്ചേര്‍ത്തു.
പതിനാറോളം പശുക്കളെ മഹാരാഷ്ട്രയിലേക്ക് അനധികൃതമായി കടത്തിയതിനാണ് 2020 ജൂലൈയില്‍ മുഹമ്മദ് ആമീന്‍ ആരിഫ് അന്‍ജൂം എന്നയാള്‍ അറസ്റ്റിലായത്. കേസില്‍ വിധി പറയുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയുമാണ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.