കോട്ടയം - ഈരാറ്റുപേട്ട നഗരോത്സവം - വ്യാപാരോത്സവത്തിൽ ഗാനമേളയ്ക്കിടയിലെ ഭീഷണി മോശമായി പ്രചരിപ്പിച്ചെന്ന് വ്യാപാരി നേതാവ്. ഗായികയെ ഭീഷണിപ്പെടുത്തിയത് കാണികളിൽ വളരെ ചുരുക്കം ചിലരാണ്. അതു വകവെക്കരുതെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും ഈരാറ്റുപേട്ട യൂണിയൻ സെക്രട്ടറി പി.എച്ച് അൻസാരി അറിയിച്ചു.
പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയായിരുന്നു. ഒന്നോ രണ്ടോ പേർ അടിക്കുമെന്ന് സംസാരം ഉയർത്തി. വിഷയം വഷളാകേണ്ടെന്ന് കരുതി വേദിയിലെത്തിയ താൻ ഗായികയോട് പാടാനാണ് ആവശ്യപ്പെട്ടത്. ഭീഷണി കണക്കാക്കേണ്ടെന്നും പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വളരെ മോശമായി പ്രചരിച്ചു. ഈരാറ്റുപേട്ടയെ മോശമായി ചിത്രീകരിച്ചു. സംഭവത്തിന്റെ വീഡിയോ എല്ലാവരും മുഴുവൻ കാണണമെന്നും എന്നിട്ടു മാത്രമേ ഒരാളെ കുറ്റവാളിയാക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ടയെ താലിബാനുമായും തീവ്രവാദികളുടെ രാജ്യവുമായി ഉൾപ്പെടുത്തി ഒരു നാടിനെ മുഴുവൻ ആക്ഷേപിച്ചു. ജനുവരി അഞ്ച് മുതൽ 15 വരെ ഈരാറ്റുപേട്ടയിൽ നടന്ന നഗരോത്സവം-വ്യാപാരോത്സവത്തിൽ 14നായിരുന്നു സജ്‌ല സലീം, സഹോദരി സജ്‌ലി സലീം എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേള നടന്നത്. ഇതിനിടെയാണ് 'മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ തല്ലു കൊള്ളും' എന്ന ഭീഷണി ഉയർന്നതായി ആരോപിക്കപ്പെട്ടത്.