ഇന്ത്യയിൽ നിന്ന് എറ്റവുമധികം സ്വർണാഭരണങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി അമേരിക്ക മാറി. ഇതുവരെ യുഎഇ ആയിരുന്നു. ചൈനയിൽ നിന്നുളള സ്വർണാഭരണങ്ങൾക്ക് അമേരിക്കയിൽ അധിക ചുങ്കം ചുമത്തിയതാണ് ഇതിനു പ്രധാന കാരണം. യുഎഇ കഴിഞ്ഞ വർഷങ്ങളിൽ അഞ്ച് ശതമാനം ഇറക്കുമതി ചുങ്കവും അഞ്ച് ശതമാനം വാറ്റും ഏർപ്പെടുത്തിയതും മറ്റൊരു കാരണമായി. പക്ഷേ, 2022 മേയിൽ ഇന്ത്യയും യുഎഇയും തമ്മിൽ നിലവിൽ വന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഫലമായി യുഎഇയിലേക്ക് അയക്കുന്ന 90 ശതമാനം ഉൽപന്നങ്ങളും നികുതി വിമുക്തമാക്കുകയും അവിടെ നിന്നു പുനർകയറ്റുമതി നടക്കുകയും ചെയ്യുന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള സ്വർണാഭരണ കയറ്റുമതി ഇനിയും വർധിക്കുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ ജ്വല്ലറി ഡിമാൻഡ് ആന്റ് ട്രേഡ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ വർഷങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്വർണാഭരണ വിപണിയിൽ വന്ന മാറ്റങ്ങളും ഈ റിപ്പോർട്ട് ആഴത്തിൽ അപഗ്രഥിക്കുന്നു. ഇന്ത്യയിലെ സ്വർണ വിപണി വിഹിതത്തിന്റെ 50 മുതൽ 55 ശതമാനവും ബ്രൈഡൽ സ്വർണാഭരണങ്ങളിലാണ്. സാധാരണ സ്വർണാഭരണങ്ങൾ വിപണി വിഹിതത്തിന്റെ 80 മുതൽ 85 ശതമാനവും ദിവസവും ഉപയോഗിക്കുന്ന ആഭരണങ്ങൾ വിപണിയുടെ 40 മുതൽ 45 ശതമാനവും നിലനിർത്തുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2021 ൽ 611 ടൺ സ്വർണാഭരണങ്ങളാണ് ഇന്ത്യയുടെ ഉപഭോഗം. 673 ടണ്ണുമായി ചൈന മാത്രമാണ് ഇന്ത്യക്കു മുകളിലുള്ളത്. ഇന്ത്യയിലെ സ്വർണാഭരണ കയറ്റുമതി 2015 ലെ 7.6 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2019 ൽ 12.4 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. ഗ്രാമീണ ഇന്ത്യയിലാണ് ഇന്ത്യൻ വിപണിയുടെ 55 മുതൽ 58 ശതമാനം സ്വർണവും ഉപഭോഗം ചെയ്യപ്പെടുന്നത്. ഇടത്തരക്കാരാണ് പ്രധാന ഉപഭോക്താക്കൾ. രാജ്യത്തെ സ്വർണാഭരണ ഡിമാന്റിന്റെ 40 ശതമാനവും ദക്ഷിണേന്ത്യയിൽ നിന്നാണ്. ഇന്ത്യയിൽ നിന്നുള്ള സ്വർണാഭരണ കയറ്റുമതിയുടെ ഏതാണ്ട് 90 ശതമാനവും പ്രധാനമായും അഞ്ചു രാജ്യങ്ങളിലേക്കാണ്. യുഎസ്, യുഎഇ, ഹോങ്കോംഗ്, സിംഗപ്പൂർ, യു.കെ എന്നിവയാണവ. ലോക സ്വർണാഭരണ വിപണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവ് എന്ന നിലയിൽ ഇന്ത്യ വിപണിയുടെ ഒരു ശക്തിസ്തംഭമായി നിലകൊള്ളുകയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ റീജണൽ സിഇഒ പി.ആർ സോമസുന്ദരൻ പറഞ്ഞു.