Sorry, you need to enable JavaScript to visit this website.

സർക്കാർ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് പ്രിയമേറുന്നു

ആഭ്യന്തര വ്യവസായ, വ്യാപാര പ്രോത്സാഹനത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച  ഓപൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന് (ഒ.എൻ.ഡി.സി) സംരംഭകർക്കിടയിൽ പ്രിയമേറുന്നു. സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച സംരംഭക മഹാസംഗമത്തിലെ സംസ്ഥാന സർക്കാരിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കേരള ഇ മാർക്കറ്റ് ഡോട്‌കോമിന്റെ വിശദാംശങ്ങളറിയാനും സംരംഭകരുടെ തിരക്കായിരുന്നു.
ഒഎൻഡിസി പ്ലാറ്റ്‌ഫോം കേന്ദ്രീകൃത ഡിജിറ്റൽ കൊമേഴ്‌സ് മോഡലിന് അപ്പുറത്തേക്ക് പോകുന്ന ഒന്നാണ്. വിൽപനക്കാർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതിനുള്ള മികച്ച പ്ലാറ്റ്‌ഫോമായി ഒഎൻഡിസി  മാറിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള നിരവധി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ ഉൽപന്നങ്ങൾ വിൽക്കാൻ ഒഎൻഡിസി പ്ലാറ്റ്‌ഫോം സഹായകമാണ്.
യൂനിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസിന് (യുപിഐ) സമാനമായ ഒഎൻഡിസി പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ വെണ്ടറെ സഹായിക്കാറുണ്ടെന്ന് ബംഗളൂരുവിലെ ഇസമുദായ്, കസ്റ്റമർ സക്‌സസ് മാനേജർ കാർത്തിക് ശ്രേയസ് പറഞ്ഞു. ഉൽപന്ന നിർമാതാവ് സ്വന്തമായൊരു മികച്ച സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ നിർമിക്കണമെങ്കിൽ കുറഞ്ഞത് 15 മുതൽ 20 ലക്ഷം രൂപ വരെ ചെലവ് വരും. എന്നാൽ ഡിജിറ്റൽ സൊല്യൂഷൻ പ്രൊവൈഡർമാർക്ക് 15,000 രൂപ ഒറ്റത്തവണ ഫീസ് ഈടാക്കി അത് നൽകാനാകും. ഇ-കൊമേഴ്‌സ് മേഖല വികസിപ്പിക്കുന്നതിനായി 2021 ൽ ആരംഭിച്ച  ഒഎൻഡിസി പ്ലാറ്റ്‌ഫോമിലൂടെ ഒരു ഡിജിറ്റൽ നെറ്റവർക്ക് നിർമിക്കപ്പെടുകയാണ്. രാജ്യത്തെ ഏതൊരു ഓൺലൈൻ വിൽപനക്കാരനെയും വാങ്ങുന്നയാളുമായി ബന്ധിപ്പിക്കാൻ ഇത് സഹായിക്കും. ഒഎൻഡിസി ഒരു ഏകീകൃത ഓൺലൈൻ പ്ലാറ്റ്‌ഫോം ആയതുകൊണ്ടു തന്നെ ഒരേ പ്ലാറ്റ്‌ഫോമിൽ എല്ലാ ഉൽപപ്പന്നങ്ങളെയും കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കുമെന്ന് സെല്ലർ ആപപ്പ് പ്രതിനിധിയായ ജോ പറഞ്ഞു.

Latest News