മുംബൈ-ബോളിവുഡ് താരം നോറ ഫത്തേഹിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി സുകേഷ് ചന്ദ്രശേഖര്‍. 200 കോടി രൂപയുടെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് വെളിപ്പെടുത്തലുമായി സുകേഷ് ചന്ദ്രശേഖര്‍ രംഗത്ത് വന്നത്. മോഡലും ശ്രീലങ്കന്‍ നടിയുമായ ജാക്വിലിന് ഫെര്‍ണാണ്ടസിനോട് നോറയ്ക്ക് അസൂയയുണ്ടെന്നും ജാക്വിലിനെ ഉപേക്ഷിച്ച് താനുമായി ഡേറ്റിംഗ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടെന്നും സുകേഷിന്റെ അഭിഭാഷകര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നോറ ഒരുദിവസം പത്തു തവണയെങ്കിലും എന്നെ വിളിക്കും. മറുപടി നല്‍കിയില്ലെങ്കില്‍ അവര്‍ വിളിച്ചുകൊണ്ടേയിരിക്കും. സുകേഷ് പറയുന്നു.
ആഡംബര വസ്തുക്കള്‍ നല്‍കിയും പലര്‍ക്കും പണം നല്‍കിയുമാണ് ജാക്വിലിനുമായി സുകേഷ് അടുപ്പം സ്ഥാപിച്ചത്. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പതുലക്ഷം രൂപയുടെ പേര്‍ഷ്യന്‍ പൂച്ചയും ഉള്‍പ്പെടെ പത്തുകോടി രൂപയുടെ സമ്മാനങ്ങള്‍ ജാക്വിലിന് സുകേഷ് നല്‍കിയിരുന്നു. മാത്രമല്ല, ജാക്വിലിനെ നായികയാക്കി 500 കോടിയുടെ സൂപ്പര്‍ ഹീറോ ചിത്രം നിര്‍മ്മിക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. കൂടുതല്‍ സിനിമകളില്‍ നടി ഒപ്പുവയ്ക്കാതിരുന്ന സാഹചര്യം ഉപയോഗപ്പെടുത്തിയായിരുന്നു സുകേഷിന്റെ വാഗ്ദാനം. എന്നാല്‍ സുകേഷിന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് നോറ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭാര്യയും നടിയും മലയാളിയുമായ ലീന മരിയ പോള്‍ വഴിയാണ് ജാക്വിലിനെ സുകേഷ് കെണിയിലാക്കിയത്.ഇതിനു പിന്നില്‍ വന്‍ പ്രണയ ചതിയുണ്ടെന്നാണ് കരുതപ്പെടുന്നത്.