ദുബൈ- ജപ്പാനില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കിടെ എമിറേറ്റ്സ് വിമാനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ജനുവരി 19നായിരുന്നു സംഭവമെന്ന് വിമാനക്കമ്പനി സ്ഥിരീകരിച്ചു.
ജപ്പാനില്‍ നിന്നും പ്രാദേശിക സമയം രാത്രി 10.31ന് പുറപ്പെട്ട വിമാനം ദുബൈയില്‍ പ്രാദേശിക സമയം രാവിലെ 5.44നാണ് എത്തിയത്. ജപ്പാനില്‍ നിന്ന് ദുബായിലേക്കുള്ള ഇ കെ 319 വിമാനത്തില്‍ 35,000 അടി ഉയരത്തില്‍ വച്ചാണ് യുവതി കുഞ്ഞിനെ പ്രസവിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ടോകിയോയിലെ നരിറ്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം.
വേദന അനുഭവപ്പെട്ട യുവതി വിമാന ജീവനക്കാരുടെ സഹായത്താലായിരുന്നു പ്രസവം നടത്തിയത്. ലാന്‍ഡ് ചെയ്ത ഉടനെ യുവതിക്കും കുഞ്ഞിനും വൈദ്യസഹായം നല്‍കിയതായി എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു. ഈ സമയം യുവതിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമായിരുന്നു.
ദുബായി വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘം ഇവരെ കാത്തുനിന്നിരുന്നു. തങ്ങളുടെ ജീവനക്കാരുടെയും യാത്രികരുടെയും ആരോഗ്യവും സുരക്ഷയും ഏറെ പ്രധാനപ്പെട്ടതാണെന്ന് എമിറേറ്റ്സ് അധികൃതര്‍ വ്യക്തമാക്കി. ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് വിമാന യാത്ര അനുവദിക്കാറില്ല. പക്ഷേ, യാത്രാനുമതിയുള്ള ഗര്‍ഭിണികള്‍ സമ്മര്‍ദ്ദമുള്‍പ്പെടെ അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ട് വിമാനത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാറുണ്ട്.
എമിറേറ്റ്‌സ് വിമാനത്തില്‍ യാത്രക്കാരി പ്രസവിക്കുന്ന സംഭവം ആദ്യത്തേതല്ല. 2020 മെയ് ആറിന് ദുബൈയില്‍ നിന്നും ലോഗോസിലേക്ക് പറന്ന വിമാനത്തില്‍ യുവതി ഇത്തരത്തില്‍ പ്രസവിച്ചിരുന്നു. ദുബൈയില്‍ നിന്നും പാരീസിലേക്കുള്ള യാത്രയില്‍ 2017ലും ഇതേ സംഭവം നടന്നിരുന്നു. പ്രസവം, ഹാര്‍ട്ട് അറ്റാക്ക് ഉള്‍പ്പെടെ അത്യാവശ്യ സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം എമിറേറ്റ്‌സ് ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് ഇക്വഡോറിലെ ഗുയാക്വിലില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള കെ എല്‍ എം റോയല്‍ ഡച്ച് വിമാനത്തില്‍ ഒരു യുവതി പ്രസവിച്ചത്. സമാനമായി ഓഗസ്റ്റില്‍ കുവൈറ്റില്‍ നിന്ന് മനിലയിലേക്കുള്ള കുവൈറ്റ് എയര്‍വേസ് വിമാനത്തില്‍ ഫിലിപ്പൈന്‍ യുവതി പ്രസവിച്ച വാര്‍ത്തയും പുറത്തുവന്നിരുന്നു.