Sorry, you need to enable JavaScript to visit this website.

സൂഫി സംഗീത രാത്രികളില്‍ അലിയാന്‍ ഒമാന്‍ ഒരുങ്ങുന്നു

മസ്‌കത്ത് - സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബൈത്ത് അല്‍ സുബൈര്‍ ഫൗണ്ടേഷന്‍ മൂന്ന് രാത്രികളിലായി ബൈത്ത് അല്‍ സുബൈര്‍ സൂഫി സംഗീതോത്സവം (രണ്ടാം പതിപ്പ്) സംഘടിപ്പിക്കുന്നു.

ഷാന്‍ഗ്രിലാ ബാര്‍ അല്‍ ജിസ്സ റിസോര്‍ട്ടിന്റെ തിയേറ്ററില്‍ ജനുവരി 23-25 വരെയാണ് പരിപാടി. ഒമാനിനകത്തും പുറത്തുംനിന്നുള്ള മൂന്ന് ബാന്‍ഡുകള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും.

ഇബ്‌നു അല്‍ഫാരിദ്, റാബിയ അല്‍അദവിയ, ശൈഖ് ജെയ്ദ് അല്‍ഖറൂസി തുടങ്ങിയ മഹാകവികളുടെ കവിതകള്‍ ബാന്‍ഡുകള്‍ ആലപിക്കും. ഒപ്പം വ്യക്തിഗതമായും സംയുക്തമായുമുള്ള പ്രൊഫഷണല്‍ പ്രകടനവും ഉണ്ടാകും.

പ്രസിദ്ധ സൂഫി കവി ജലാലുദ്ദീന്‍ റൂമിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അടിസ്ഥാനപരമായി ക്ലാസിക്കല്‍ സൂഫി കവികളുമായി ബന്ധപ്പെട്ട കൃതികള്‍ രചിച്ച ഷെയ്ഖ് ഹമദ് ദാവൂദ് ഗ്രൂപ്പിന് ആദ്യ ദിവസം ഫെസ്റ്റിവലില്‍ മുഖ്യാതിഥിയാകും.

നീണ്ട പ്രൊഫഷണല്‍ കരിയറും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രകടനങ്ങളുടെ അനുഭവവുമുള്ള പ്രശസ്തരായ കലാകാരന്മാര്‍ ഈ ഗ്രൂപ്പിലുണ്ട്. സിറിയന്‍ പരമ്പരാഗത കലകളുടെ ഏറ്റവും ആകര്‍ഷകമായ വശങ്ങളിലൊന്ന് ആത്മീയ സംഗീത അന്തരീക്ഷത്തോടെ അവതരിപ്പിക്കുന്നു.

രണ്ടാം ദിവസം, ഒമാനി സാവിയ ബാന്‍ഡ് കവിതകള്‍ അവതരിപ്പിക്കും. 2015ല്‍ സ്ഥാപിതമായ ഈ ബാന്‍ഡിന് മൊറോക്കോയിലെ ഫെസ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് സ്പിരിച്വല്‍ മ്യൂസിക് ഉള്‍പ്പെടെ പ്രാദേശിക, അറബ് പങ്കാളിത്തമുണ്ട്. അറിയപ്പെടുന്ന ടാന്‍സാനിയന്‍ കലാകാരനായ യഹ്‌യ ബൈഹാഖി ഹുസൈന്‍ ബാന്‍ഡിനൊപ്പം പങ്കെടുക്കുന്നു.

ഈജിപ്ഷ്യന്‍ ബാന്‍ഡായ അല്‍ഹദ്രഹ് ഫോര്‍ സൂഫി സംഗീതത്തോടെ ഉത്സവ രാത്രികള്‍ സമാപിക്കും. കലാപരമായ രീതിയില്‍ ഈജിപ്ഷ്യന്‍ സൂഫി സമൂഹങ്ങളുടെ പൈതൃകം തീയറ്ററുകളിലേക്ക് കൈമാറാന്‍ ലക്ഷ്യമിടുന്ന ഒരു ഗാന സംഘമാണിത്.

മൊറോക്കോയില്‍നിന്നുള്ള ഇബ്‌നു അറബി ബാന്‍ഡ്, പാക്കിസ്ഥാനില്‍ നിന്നുള്ള ഫരീദ് അയാസ് ബാന്‍ഡ്, ഇറാനില്‍നിന്നുള്ള സലാര്‍ അഖിലി ബാന്‍ഡ്, ഒമാനിലെ അല്‍സാവിയ ബാന്‍ഡ് എന്നിവപങ്കെടുത്ത ഫെസ്റ്റിവല്‍ ഓഫ് സൂഫി മ്യൂസിക്കിന്റെ ആദ്യ പതിപ്പിന്റെ വിജയത്തിന് ശേഷമാണ് ഫെസ്റ്റിവലിന്റെ ഈ പതിപ്പ് വരുന്നത്. ആദ്യ പതിപ്പിന് സൂഫി സംഗീതത്തിന്റെ ആരാധകരില്‍ നിന്ന് വ്യാപകമായ പ്രശംസ ലഭിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News