സുപ്രീം കോടതിയും കേന്ദ്ര സർക്കാരും തമ്മിൽ ജഡ്ജിമാരുടെ നിയമന വിഷയത്തിൽ ഒരു ഏറ്റമുട്ടൽ ഉണ്ടാക്കിയെടുക്കേണ്ടത് കേന്ദ്ര സർക്കാരിന്റെയും സംഘപരിവാർ നേതൃത്വത്തിന്റെയും ആവശ്യമാണ്. എന്നാൽ മാത്രമേ നിഷ്പക്ഷമതികളായ ജഡ്ജിമാരുടെ മനോവീര്യം തകർത്ത് വിവിധ കോടതികളുടെ പരിഗണനയിലുള്ള പല വിവാദ കേസുകളിൽ നിന്നും കേന്ദ്ര സർക്കാരിന് തലയൂരാൻ കഴിയൂ. മാത്രമല്ല, സുപ്രീം കോടതിയും വിവിധ സംസ്ഥാന കോടതികളും തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നാൽ മാത്രമേ സംഘപരിവാർ നടപ്പാക്കുന്ന ഹിന്ദുത്വ അജണ്ടകൾ നിയമത്തിന് മുന്നിൽ ചോദ്യം ചെയ്യപ്പെടാതിരിക്കുകയുള്ളൂ.
ജഡ്ജിമാരുടെ നിയമനത്തെ സംബന്ധിച്ച് ഇതിനായി നിയമിക്കപ്പെട്ട ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള കൊളീജിയവും കേന്ദ്ര സർക്കാരും തമ്മിൽ ഏറ്റുമുട്ടലിന്റെ പാതയിലാണ്. നീതിന്യായ സംവിധാനത്തിൽ വളരെ ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതാണ് ഈ വിഷയം. ജഡ്ജി നിയമനത്തിനായി സുപ്രീം കോടതി കൊളീജിയം തയാറാക്കിയ പട്ടിക കേന്ദ്ര സർക്കാർ മടക്കി അയക്കാൻ തീരുമാനിച്ചതോടെയാണ് സുപ്രീം കോടതിയും കേന്ദ്ര സർക്കാരും തമ്മിൽ ഏറ്റുമുട്ടലിന് കളമൊരുങ്ങിയത്.
കൊളീജിയം തയാറാക്കിയ പട്ടികയിൽപെട്ട ജഡ്ജിമാരുടെ കാര്യത്തിൽ ബാലിശവും ജനാധിപത്യ വിരുദ്ധവുമായ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പട്ടിക മടക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ശുപാർശ നൽകിയത്. പ്രധാനമായും മൂന്ന് ജഡ്ജിമാരുടെ നിയമനത്തിലാണ് കേന്ദ്ര സർക്കാർ ഉടക്കുമായി രംഗത്തെത്തിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയിലേക്ക് നിയമനത്തിനായി കൊളീജിയം ശുപാർശ ചെയ്ത അഡ്വ. ആർ. ജോൺ സത്യന്റെ കാര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ചുകൊണ്ട് ഒരു മാഗസിൻ പ്രസിദ്ധീകരിച്ച ലേഖനം അദ്ദേഹം മറ്റു പലർക്കുമായി ഷെയർ ചെയ്തുവെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയ ഒരു ആരോപണം. നീറ്റ് പരീക്ഷ ജയിക്കാൻ കഴിയാത്ത ഒരു പെൺകുട്ടിയുടെ ആത്മഹത്യ രാഷ്ട്രീയ വഞ്ചനയുടെ കൊലപാതകമാണെന്ന് പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിൽ ഷെയിം ഓഫ് യു ഇന്ത്യ എന്ന് പോസ്റ്റ് ചെയ്തുവെന്നാണ് രണ്ടാമത്തെ ആരോപണം.
ദൽഹി ഹൈക്കോടതിയിലേക്ക് നിയമനത്തിനുള്ള ലിസ്റ്റിൽപെട്ട അഡ്വ. സൗരഭ് കൃപാലിനെതിരെ അദ്ദേഹം സ്വവർഗ പ്രേമിയാണെന്നും ലൈംഗികാഭിമുഖ്യം പരസ്യമായി പ്രകടിപ്പിച്ചുവെന്നുമാണ് കേന്ദ്ര സർക്കാർ ഉയർത്തുന്ന ആരോപണം. ബോംബെ ഹൈക്കോടതിയിലേക്കുള്ള നിയമന ലിസ്റ്റിൽപെട്ട അഡ്വ. സോമശേഖർ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചുവെന്നും സർക്കാരിന്റെ നയങ്ങളെയും പദ്ധതികളെയും തിരഞ്ഞു പിടിച്ചു വിമർശിക്കുന്നുവെന്നുമാണ് ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്. എന്നാൽ സർക്കാരിനെ വമർശിക്കുന്നതും ലൈംഗികാഭിമുഖ്യം തുറന്നു പറയുന്നതുമൊന്നും അയോഗ്യതയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരുടെ നിയമന ലിസ്റ്റ് മടക്കിയതിനെതിരെ സുപ്രീം കോടതി കൊളീജിയം കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന് നൽകിയ മറുപടി. ഇതോടെ സുപ്രീം കോടതിയും കേന്ദ്ര സർക്കാരും തമ്മിൽ രൂക്ഷമായ പോരാട്ടത്തിനാണ് വഴി തുറന്നിട്ടുള്ളത്.
ജഡ്ജിമാരുടെ നിയമന കാര്യത്തിൽ കേന്ദ്ര സർക്കാരറിന്റെ താൽപര്യം ഇവിടെ പകൽ പോലെ വ്യക്തമാണ്. അതായത് സർക്കാരിനെ വിമർശിക്കുകയോ വിവിധ കേസുകളിൽ സർക്കാരിനെതിരായ നിലപാടുകൾ എടുക്കുകയോ ചെയ്യാത്തവരെ മാത്രം ഹൈക്കോടതികളിൽ ജഡ്ജിമാരായി നിയമിച്ചാൽ മതിയെന്നാണ് അവരുടെ ആവശ്യം. കേന്ദ്ര സർക്കാരിന്റെ ആജ്ഞാനുവർത്തികളാണ് ഇപ്പോൾ ഭരണഘടന സ്ഥാപനങ്ങളുടെ തലപ്പത്തെല്ലാമുള്ളത്.
തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും കേന്ദ്രം തങ്ങളുടെ വരുതിയിൽ കൊണ്ടുവന്നു. പ്രധാന ഭരണഘടന സ്ഥാപനമായ നീതിന്യായ കോടതികളിലും അതു തന്നെ നടപ്പാക്കണമെന്ന വാശിയിലാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സർക്കാർ. കോടതികളെക്കൂടി കാവി പുതപ്പിക്കാനായാൽ എല്ലാം തങ്ങളുടെ വരുതിയിലാകുമെന്ന കണക്കുകൂട്ടൽ സർക്കാർ നടത്തുന്നുണ്ട്. വളരെ ആസൂത്രിതമായ ഈ നീക്കം രാജ്യത്തിന്റെ ഭരണഘടനാപരമായ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുന്നതാണ്. അതിനെതിരെയുള്ള വിരൽ ചൂണ്ടലായി വേണം ജഡ്ജിമാരുടെ നിയമന ലിസ്റ്റ് മടക്കിയതിനെതിരെയുള്ള സുപ്രീം കോടതിയുടെ നീക്കത്തെ കാണാൻ.
ജഡ്ജിമാരുടെ നിയമനാധികാരി ആര് എന്നത് സംബന്ധിച്ച് തർക്കം ഭരണഘടന നിർമാണ വേളയിൽ തന്നെ തുടങ്ങിയതാണ്. നിലവിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തിനാണ് ഇതിന്റെ അവകാശമെങ്കിലും കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ വളരെ പ്രകടമായിത്തന്നെ ഇപ്പോഴും തുടരുന്നുണ്ട്. ജഡ്ജിമാരെ നിയമിക്കുന്നതിൽ 1993 വരെ കേന്ദ്ര സർക്കാരിനായിരുന്നു ആധിപത്യമുണ്ടായിരുന്നത്. 1993 ൽ ഉയർന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിനുള്ള അധികാരം കൊളീജിയത്തിൽ നിക്ഷിപ്തമാക്കിക്കൊണ്ട് സുപ്രീം കോടതി തീരുമാനമെടുക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനും സുപ്രീം കോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ അംഗങ്ങളുമായ കൊളീജിയമാണ് ജഡ്ജിമാരുടെ നിയമനം നടത്തുന്നത്. ഇവർ തെരഞ്ഞെടുക്കുന്ന ലിസ്റ്റിൽ ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കിൽ അത് കേന്ദ്ര സർക്കാരിന് ചൂണ്ടിക്കാട്ടാമെന്ന് മാത്രം.
2014 ൽ ജഡ്ജിമാരുടെ നിയമനത്തിൽ ആധിപത്യം പുലർത്തുന്നതിനായി കൊളീജിയത്തിന് പകരം നാഷണൽ ജുഡീഷ്യൽ അപ്പോയ്‌മെന്റ്‌സ് കമ്മീഷനെ കേന്ദ്ര സർക്കാർ കൊണ്ടുവന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുതിർന്ന മറ്റൊരു ജഡ്ജിയും ഉൾപ്പെടെ ജുഡീഷ്യറിയിൽ നിന്ന് രണ്ട് പേരും പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും പൊതു സമൂഹത്തിൽ നിന്ന് രണ്ട് പേരും കൂടി ഉൾക്കൊള്ളുന്നതായിരുന്നു ഈ കമ്മീഷൻ. എന്നാൽ ഇത് ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്ന് കണ്ടെത്തി 2015 ൽ സുപ്രീം കോടതി ഭരണഘടന ബെഞ്ച് നാഷണൽ ജുഡീഷ്യൽ അപ്പോയ്‌മെന്റ്‌സ് കമ്മീഷനെ അസാധുവാക്കുകയായിരുന്നു. കൊളീജിയം സംവിധാനം തന്നെ നിലനിർത്താൻ തീരുമാനിക്കുകയും ചെയ്തു.
ജഡ്ജിമാരെ മുതിർന്ന ജഡ്ജിമാർ തന്നെ തെരഞ്ഞെടുക്കുന്ന കൊളീജിയം സമ്പ്രദായം നൂറ് ശതമാനം സുതാര്യവും ജനാധിപത്യ മൂല്യങ്ങൾക്കനുസരിച്ചുള്ളതാണെന്നും പറയാനാകില്ല. വിവിധ സ്വാധീനങ്ങൾ ഇതിലുമുണ്ടാകാം. എന്നാൽ ഭരിക്കുന്ന സർക്കാർ തന്നെ അവർക്ക് താൽപര്യമുള്ളവരെ ജഡ്ജിമാരായി കുടിയിരുത്തുന്നതിനേക്കാൾ എത്രയോ നല്ലതാണ് നിയമനാധികാരം കൊളീജിയത്തിൽ തന്നെ നിക്ഷിപ്തമായിരിക്കുന്നത്. ഇതിനെ തകർത്തുകൊണ്ട് നിയമനത്തിൽ കേന്ദ്ര സർക്കാരിന് ആധിപത്യം ലഭിക്കുന്ന രീതിയിലേക്ക് കൊളീജിയം സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് കൊളീജിയം കണ്ടെത്തിയെ ലിസ്റ്റിൽ പെട്ടവർക്കെതിരെ ഇപ്പോൾ ഉയർത്തിയ ബാലിശമായ ആരോപണങ്ങൾ.
സുപ്രീം കോടതിയും കേന്ദ്ര സർക്കാരും തമ്മിൽ ജഡ്ജിമാരുടെ നിയമന വിഷയത്തിൽ ഒരു ഏറ്റമുട്ടൽ ഉണ്ടാക്കിയെടുക്കേണ്ടത് കേന്ദ്ര സർക്കാരിന്റെയും സംഘപരിവാർ നേതൃത്വത്തിന്റെയും ആവശ്യമാണ്. എന്നാൽ മാത്രമേ നിഷ്പക്ഷമതികളായ ജഡജിമാരുടെ മനോവീര്യം തകർത്ത് വിവിധ കോടതികളുടെ പരിഗണനയിലുള്ള പല വിവാദ കേസുകളിൽ നിന്നും കേന്ദ്ര സർക്കാരിന് തലയൂരാൻ കഴിയൂ. മാത്രമല്ല, സുപ്രീം കോടതിയും വിവിധ സംസ്ഥാന കോടതികളും തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നാൽ മാത്രമേ സംഘപരിവാർ നടപ്പാക്കുന്ന ഹിന്ദുത്വ അജണ്ടകൾ നിയമത്തിന് മുന്നിൽ ചോദ്യം ചെയ്യപ്പെടാതിരിക്കുകയുള്ളൂ.
ഭരണഘടന സ്ഥാപനങ്ങളിൽ ഏതാണ്ട് എല്ലാം തന്നെ കേന്ദ്ര സർക്കാരിന്റെ പിടിയിലമർന്നു കഴിഞ്ഞു. സ്വതന്ത്രമായ അസ്ഥിത്വം ഇത്തരം സ്ഥാപനങ്ങൾക്ക് ഇനി സാധ്യമല്ലാത്ത രീതിയിൽ ഭരണ സ്വാധീനത്തിൽ അതിന്റെ അലകും പിടിയുമെല്ലാം മാറ്റിക്കഴിഞ്ഞിട്ടുണ്ട്. നീതിന്യായ രംഗത്തു പോലും നിലവിൽ വലിയ തോതിൽ ഹൈന്ദവവൽക്കരണം നടന്നു കഴിഞ്ഞിട്ടുണ്ട്. സുപ്രീം കോടതിയിൽ നിന്നടക്കം സമീപകാലത്തുണ്ടായ ചില ഉത്തരവുകൾ ഇതിന് തെളിവാണ്. തങ്ങൾക്ക് താൽപര്യമുള്ളവരെ മാത്രം ജഡ്ജിമാരായി നിയമിച്ചുകൊണ്ട് നീതിന്യായ രംഗത്ത് സമ്പൂർണ ആധിപത്യത്തിനുള്ള തീവ്രശ്രമമാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്. തീർത്തും ജനാധിപത്യ വിരുദ്ധമായ ഈ നീക്കത്തിന് തടയിട്ടില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങളായിരിക്കും രാജ്യത്തിന് നേരിടേണ്ടി വരിക.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)