കോഴിക്കോട്- ഹർത്താലിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളും സ്വത്തുക്കളും കണ്ടുകെട്ടാനുള്ള ധൃതി പിടിച്ച നീക്കം വിവേചനപരമാണെന്ന് ഇ.കെ വിഭാഗം സമസ്ത നേതാവ് സത്താർ പന്തല്ലൂർ. ഈ തിടുക്കം ആരോഗ്യപരമായ ജനാധിപത്യത്തിന്റെയോ നിയമവാഴ്ചയുടെയോ ലക്ഷണമല്ലെന്നും സത്താർ പന്തല്ലൂർ വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ ദ്രുതഗതിയിൽ നടക്കുന്ന ജപ്തി നടപടികൾ സംശയകരമാണ്. പൊതുമുതൽ നശിപ്പിച്ചാൽ അത് ബന്ധപ്പെട്ടവരിൽ നിന്ന് തിരിച്ച് പിടിക്കാൻ കോടതിയും സർക്കാറും ജാഗ്രത കാണിക്കുന്നത് ശുഭസൂചനയാണ്. എന്നാൽ പോപ്പുലർ ഫ്രണ്ടുകാർ മാത്രമാണോ നമ്മുടെ നാട്ടിൽ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചത്?. ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചതിലൊന്നും ഈ ജാഗ്രത കാണിക്കാത്തതിന്റെ താത്പര്യം എന്താണ്?. പോപുലർ ഫ്രണ്ട് ഒരു തീവ്രമായ ആവിഷ്‌കാരമാണ്. എന്നുവെച്ച് പൊതുമുതൽ നശിപ്പിച്ച കുറ്റം അവരുടെ ഹർത്താൽ മുതൽ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യേണ്ടതല്ല. വിവേചനമെന്ന് തോന്നിക്കുന്ന തിടുക്കം ആരോഗ്യകരമായ ജനാധിപത്യത്തിന്റെയോ നിയമ വാഴ്ചയുടേയോ ലക്ഷണമല്ല. അനീതിക്കിരയാവുന്നവർ അവർ ആരായാലും അവർക്ക് വേണ്ടി നിലകൊള്ളുന്നതാകണം നമ്മുടെ നീതിന്യായ സംവിധാനവും ജനാധിപത്യ വ്യവസ്ഥയും. പോപുലർ ഫ്രണ്ട്, എൻ.ഡി.എഫ് ആയിരുന്ന കാലം മുതൽ കൃത്യമായ അകലവും എതിർപ്പും സമുദായ നേതൃത്വം കാണിച്ചിട്ടുണ്ട്. ആ നിലപാടിലൊന്നും യാതൊരു മാറ്റവുമില്ലെന്നും സത്താർ പന്തല്ലൂർ വ്യക്തമാക്കി.