തിരുവനന്തപുരം- മാരക ലഹരി മരുന്നുമായി മകന്‍ എക്‌സൈസ് വകുപ്പിന്റെ പിടിയിലായ വിവരമറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച മാതാവ് മരിച്ചു. ശാന്തിപുരം സ്വദേശി ഗ്രേസി ക്ലെമന്റ് (55) ആണ് ഇന്ന് ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ വൈകിട്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇന്നലെ വൈകിട്ട് ഗ്രേസിയുടെ മകന്‍ ഷൈനോ ക്ലെമന്റില്‍ നിന്നും നാല് ഗ്രാം എം. ഡി. എം. എ എക്‌സൈസ് വകുപ്പ് പിടികൂടിയിരുന്നു. സ്ഥിരമായി ലഹരി വില്‍പ്പന നടത്തുന്നയാളാണ് ഷൈനോ എന്നാണ് എക്‌സൈസ് പറയുന്നത്.
മകനെ മയക്കുമരുന്നുമായി പിടികൂടിയ വിവരം അറിഞ്ഞതോടെ ഗ്രേസി അസ്വസ്ഥയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് മുറിയില്‍ കയറിയ ഗ്രേസി ഫാനില്‍ തൂങ്ങുകയായിരുന്നു. ബന്ധുക്കള്‍ സംഭവം കണ്ടതോടെ കയര്‍ അറുത്ത് ഉടന്‍ താഴെ ഇറക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെ ഗ്രേസി മരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.