റിയാദ്- അതിർത്തി വഴി സൗദിയിലേക്ക് വൻ മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സൈന്യം പിടികൂടി. ജിസാൻ, നജ്‌റാൻ, അസീർ, തബൂക്ക് പ്രവിശ്യകളിലെ അതിർത്തികൾ വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളാണ് സൈന്യം പിടികൂടിയത്. പ്രതികളെ സൈന്യം അറസ്റ്റ് ചെയ്തു.
രണ്ടാഴ്ചയ്ക്കിടെ ഇത്തരം നിരവധി ശ്രമങ്ങൾ സൈന്യം വിഫലമാക്കിയതായി അതിർത്തി സുരക്ഷാ സേനാ വക്താവ് കേണൽ മിസ്ഫർ അൽ ഖറൈനി പറഞ്ഞു. 526 കിലോ ഹഷീഷും 18.2 ടൺ ഖാത്തും കടത്താനുള്ള ശ്രമങ്ങളാണ് പരാജയപ്പെടുത്തിയത്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 309 പേരെ ജിസാൻ, നജ്‌റാൻ, അസീർ, തബൂക്ക് പ്രവിശ്യകളിൽനിന്ന് സൈന്യം അറസ്റ്റ് ചെയ്തു.
ഇക്കൂട്ടത്തിൽ പത്തു പേർ സ്വദേശികളും 299 പേർ നുഴഞ്ഞു കയറ്റക്കാരുമാണ്.
നുഴഞ്ഞു കയറ്റക്കാരിൽ 264 പേർ യെമനികളും 33 പേർ എത്യോപ്യക്കാരും രണ്ടു പേർ സോമാലിയക്കാരുമാണ്. തുടർ നടപടികൾക്ക് തൊണ്ടി സഹിതം പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി കേണൽ മിസ്ഫർ അൽ ഖറൈനി അറിയിച്ചു.