റിയാദ് - ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാകാതെ ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ ധാരണയിലെത്തണമെന്നതാണ് ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെ ഉപാധി. ഇസ്രായിലുമായി സാധാരണബന്ധം സ്ഥാപിക്കുന്നത് മേഖലക്കാകമാനം വളരെയേറെ ഗുണകരമാകുമെന്ന് സൗദി അറേബ്യ കരുതുന്നതായി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഫലസ്തീനികള്‍ക്ക് പ്രത്യാശയും അന്തസ്സും നല്‍കുന്നതിലൂടെ മാത്രമേ യഥാര്‍ഥ സ്ഥിരതയും നയതന്ത്രബന്ധവും കൈവരിക്കാനാകൂ. ഇതിന് ഫലസ്തീനികള്‍ക്ക് അവരുടെ രാഷ്ട്രം നല്‍കേണ്ടതുണ്ട്. ഇതിനാണ് സൗദി അറേബ്യ മുന്‍ഗണന കല്‍പിക്കുന്നത്.
ചൈനയുമായുള്ള ബന്ധം ഊഷ്മളമായാലും സൗദി അറേബ്യയുടെ ഏറ്റവും വലിയ സുരക്ഷാ പങ്കാളിയായി അമേരിക്ക തുടരും. മേഖലയിലെ ഏറ്റവും വലിയ സുരക്ഷാ ഘടകമാണ് അമേരിക്ക. ചൈന ഒരു പ്രധാന വാണിജ്യ പങ്കാളിയായി തുടരും. പന്ത്രണ്ടു വര്‍ഷമായി തുടരുന്ന സിറിയന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണാന്‍ മേഖലാ രാജ്യങ്ങളെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. റഷ്യ, ഉക്രൈന്‍ സംഘര്‍ഷം ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കാന്‍ കഴിയും. എണ്ണ വിലയില്‍ താരതമ്യേന സ്ഥിരത നിലനിര്‍ത്താന്‍ സൗദി അറേബ്യ റഷ്യയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും വിദേശ മന്ത്രി പറഞ്ഞു.