Sorry, you need to enable JavaScript to visit this website.

VIDEO നടിമാരുടെ ശരീരത്തില്‍ തൊട്ടുള്ള ആരാധന വേണ്ട, സോഷ്യൽ മീഡിയയിൽ ചർച്ച

കൊച്ചി- എറണാകുളം ലോ കോളേജില്‍ നടി അപര്‍ണ ബാലമുരളിക്കുണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നടിമാരോട് അതിരുകടക്കുന്ന ആരാധന വീണ്ടും ചര്‍ച്ചയായി.
'തങ്കം' എന്ന ചിത്രത്തിന്റെ പ്രൊമോഷനായി എറണാകുളം ലോ കോളേജിലെത്തിയപ്പോഴാണ്‌നടി അപര്‍ണ ബാലമുരളിക്ക് ദുരനുഭവം. നടന്‍ വിനീത് ശ്രീനിവാസനും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമെല്ലാം ഉണ്ടായിരുന്നു.  അപര്‍ണയെ സ്വീകരിക്കാനായി വേദിയിലെത്തിയ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപര്‍ണയുടെ തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ പൊടുന്നനെയുള്ള പെരുമാറ്റത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് അപര്‍ണ ഒഴിഞ്ഞു മാറി. വേദിയില്‍ അപ്രതീക്ഷിതമായി അരങ്ങേറിയ  സംഭവത്തിനുശേഷം, പരിപാടിയിലുടനീളം അപര്‍ണ അസ്വസ്ഥയായിരുന്നു. മാപ്പ് പറയാന്‍ വേദിയിലെത്തിയ അതേ വ്യക്തി തന്നെ വീണ്ടും അപര്‍ണയുടെ കൈയില്‍ പിടിക്കാന്‍ ശ്രമിക്കുന്നു. എന്താടോ, ഇതൊരു ലോ കോളേജല്ലേ എന്നായിരുന്നു അപര്‍ണയുടെ പ്രതികരണം.
ആരാധന അതിരു കടക്കാമോ? പ്രൈപവറ്റ് സ്‌പേസ് എന്നൊന്നില്ലേ? ലോ കോളേജില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാണ്.  
ഫോട്ടോയെടുക്കാനും സംസാരിക്കാനുമൊക്കെ ആഗ്രഹിക്കുന്ന നിരവധി ആരാധകരെ യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടാറുണ്ടെന്നും എന്നാല്‍ അനുവാദമില്ലാതെ ഇടിച്ചുകയറി വരുന്നവരുമുണ്ടെന്ന് നടി അനുശ്രീ പ്രതികരിച്ചു.
അതിരുകടക്കുന്ന ആരാധനയ്ക്ക് പിന്നില്‍ ചില മനഃശാസ്ത്രപരമായ വശങ്ങള്‍ കൂടിയുണ്ടെന്ന് നടി മാല പാര്‍വതി പറയുന്നു.
'താരങ്ങളെയൊക്കെ ചിലരെങ്കിലും അവരുടെ സ്വപ്നങ്ങളില്‍ കാമുകിയോ ഭാര്യയോ അമ്മയോ ഒക്കെയായി സങ്കല്‍പ്പിച്ചിട്ടുള്ളവരാകും. സ്വപ്നത്തില്‍ കണ്ടയാളുകളെ നേരില്‍ കാണുമ്പോഴുള്ള ആവേശമാണ് പലപ്പോഴും ആള്‍ക്കൂട്ടത്തില്‍ നിന്നും ഇത്തരത്തില്‍ പ്രകടമാകുന്നത്. ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് ആരാധന പ്രകടിപ്പിക്കുക. ചിലര്‍ അച്ചടക്കത്തോടെ പെരുമാറുമ്പോള്‍ മറ്റുചിലര്‍ അതിരുവിടും. ആനയെ ഒക്കെ തൊട്ടുനോക്കുന്നതു പോലെ, മൃഗശാലയിലെ മൃഗങ്ങളെ കല്ലെറിയുന്നതുപോലെയോ കുട കൊണ്ട് കുത്തിനോക്കുന്നതു പോലെയോ ഒക്കെ പെരുമാറും. നടിമാരെയും മറ്റും മാസ്റ്റര്‍ബേഷന്‍ ഫാന്റസിയായി വരെ കാണുന്നവരുണ്ട്. ഇതൊക്കെ മനഃശാസ്ത്രപരമായ കാര്യങ്ങളാണ്. ഇത്തരം അനുഭവങ്ങള്‍ പല താരങ്ങള്‍ക്കും കാലാകാലങ്ങളായി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണല്ലോ, പലരും ഇന്ന് ബൗണ്‍സേഴ്‌സിനെയും കൊണ്ടു നടക്കുന്നത്- മാല പാര്‍വതി പറഞ്ഞു.
നല്ലവണ്ണം പെരുമാറുന്ന ഒരുപാട് ആരാധകര്‍ നമുക്ക് ചുറ്റുമുണ്ടെന്നും ഇങ്ങനെയുള്ളവര്‍ ചിലപ്പോള്‍ അവര്‍ക്കു കൂടി അപമാനമായി മാറാമെന്നും  നടി മഞ്ജു പിള്ള പറഞ്ഞു.

 

 

Latest News