ന്യൂദല്‍ഹി- സ്വകാര്യ മെഡിക്കല്‍ സീറ്റുകള്‍ക്ക് കേരളം എതിര് നില്‍ക്കരുതെന്ന് സുപ്രീംകോടതി. തങ്ങള്‍ക്ക് കോളജ് തുടങ്ങാന്‍ അനുമതി നല്‍കിയാല്‍ അമ്പത് ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമെന്ന് ഹരജിക്കാരായ ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സ്വകാര്യ മെഡിക്കല്‍ സീറ്റുകള്‍ക്ക് കേരളം എതിര് നില്‍ക്കരുതെന്ന് സുപ്രീംകോടതി വാക്കാല്‍ നിര്‍ദേശിച്ചത്.
വാളയാറില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനുള്ള എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന വി.എന്‍. പബ്ലിക് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ദേശീയ മെഡിക്കല്‍ കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളും മെഡിക്കല്‍ കോളജുകളാക്കി മാറ്റുന്ന കാര്യം പരിഗണനയിലാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
കൗണ്‍സിലിന്റെ അഭിഭാഷകന്‍ ഗൗരവ് ശര്‍മയാണ് സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ സീറ്റുകള്‍ ഉയര്‍ത്തുന്ന നടപടി തുടങ്ങിയതായി കോടതിയെ അറിയിച്ചത്.
രാജ്യത്ത് മെഡിക്കല്‍ ഫീസ് കൂടുതലായതിനാലാണ് വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പഠനത്തിനായി യുക്രൈന്‍ പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് എന്ന് ജസ്റ്റീസുമാരായ ബി.ആര്‍. ഗവായ്, വിക്രംനാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനിടെ വിഎന്‍ പബ്ലിക് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് ഈ വര്‍ഷം കോളേജ് തുടങ്ങുന്നതിന് അനുമതി നല്‍കണമെന്ന നിര്‍ദേശം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍, അടുത്ത വര്‍ഷം നിബന്ധനകളോടെ അനുമതി നല്‍കുന്ന കാര്യം പരിഗണയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ട്രസ്റ്റിന്റെ ഹരജി കോടതിയുടെ പരിഗണനയില്‍ നിര്‍ത്താനും കോടതി തീരുമാനിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)