Sorry, you need to enable JavaScript to visit this website.

അപ്‌ഡേഷന്‍ വരുന്നു; സൗദിയില്‍ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാഴാഴ്ച വരെ മുടങ്ങിയേക്കും

റിയാദ്-അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി സൗദി സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ താത്കാലികമായി മുടങ്ങിയേക്കും. ചില സേവനങ്ങള്‍ ലഭിക്കുന്നില്ല. വാണിജ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായിരുന്ന കമ്പനികളുടെ വിവിധ സേവനങ്ങള്‍ സൗദി ബിസിനസ് എന്ന പോര്‍ട്ടലിലേക്ക് മാറുകയാണെന്ന വാണിജ്യമന്ത്രാലയം അറിയിച്ചു. അതിനാല്‍ പണമടക്കലടക്കമുള്ള സേവനങ്ങള്‍ താത്കാലികമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കമ്പനികളുടെ രജിസ്‌ട്രേഷന്‍, ഷയര്‍ ഹോള്‍ഡര്‍മാരുമായുള്ള കരാറുകള്‍ രൂപപ്പെടുത്തല്‍, രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍, വിവിധ സേവനങ്ങള്‍ക്കുള്ള പണമടക്കല്‍ തുടങ്ങി വാണിജ്യമന്ത്രാലയത്തിന്റെ സൈറ്റിലുണ്ടായിരുന്ന ഓണ്‍ലൈന്‍ സേവനങ്ങളെല്ലാം സൗദിബിസിനസ് എന്ന ഒരു കുടക്കീഴിലേക്ക് മാറ്റുകയാണ്. വ്യാഴാഴ്ച വരെ ഈ അറ്റകുറ്റപണികള്‍ നടക്കുമെന്ന് മന്ത്രാലയം അതിന്റെ വെബ്‌സൈറ്റ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ഖിവ, സൗദി പോസ്റ്റ്, തൊഴില്‍മന്ത്രാലയം, വിദേശകാര്യമന്ത്രാലയം തുടങ്ങിയ സൈറ്റുകളിലെ വിവിധ സേവനങ്ങള്‍ രണ്ട് ദിവസമായി നടക്കുന്നില്ല. ഈ ഓണ്‍ലൈന്‍ സേവനങ്ങളെല്ലാം അപ്‌ഡേഷന്‍ നടന്നുവരികയാണ്. ഇഖാമ പുതുക്കുന്നതിനുള്ള ലേബര്‍ കാര്‍ഡ് ഇഷ്യു ചെയ്യല്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, ലേബര്‍ കരാര്‍, വിസ അനുവദിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ നടക്കുന്നത് തൊഴില്‍മന്ത്രാലയത്തിന്റെ ഖിവ പോര്‍ട്ടല്‍ വഴിയാണ്. സൗദി പോസ്റ്റിലെ നാഷണല്‍ അഡ്രസ് രജിസ്റ്റര്‍ ചെയ്യുന്ന സേവനവും വിദേശകാര്യമന്ത്രാലയത്തിലെ സന്ദര്‍ശക വിസ ലഭിക്കുന്ന സേവനവും രണ്ടുദിവസമായി ലഭിക്കുന്നില്ല. വാണിജ്യമന്ത്രാലയം അറിയിച്ച പോലെ വ്യാഴാഴ്ചയോടെ ഇതെല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News