കൊച്ചി- നടി അപര്‍ണ ബാലമുരളിയോട് കോളജ് യൂണിയന്‍ ഉദ്ഘാടനവേദിയില്‍ മോശമായി പെരുമാറി വിദ്യാര്‍ഥി. കയ്യില്‍ ബലമായി പിടിച്ചു വലിക്കുകയായിരുന്നു. അപര്‍ണ അനിഷ്ടം പ്രകടിപ്പിച്ചിട്ടും ഇയാള്‍ പിന്‍മാറിയില്ല. തങ്കം സിനിമയുടെ പ്രമോഷനായി ലോ കോളജില്‍ എത്തിയതായിരുന്നു താരം. അപര്‍ണയോടൊപ്പം നടന്‍ വിനീത് ശ്രീനിവാസനും സംഗീത സംവിധായകന്‍ ബിജിപാലും ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു.
അപര്‍ണക്ക് പൂവ് സമ്മാനിക്കാന്‍ അടുത്തെത്തിയ വിദ്യാര്‍ഥി അപര്‍ണയുടെ കയ്യില്‍ പിടിച്ചു വലിച്ച് എഴുന്നേല്‍പ്പിച്ചു. താരത്തിന്റെ മുഖത്ത് അനിഷ്ടം പ്രകടമായത് വീഡിയോയില്‍ വ്യക്തമാണ്. വീണ്ടും യുവാവ് അപര്‍ണയുടെ തോളില്‍ കയറി പിടിക്കുകയും അപര്‍ണ വെട്ടിച്ച് മാറുകയും ചെയ്യുന്നുണ്ട്. വിദ്യാര്‍ഥിയില്‍നിന്നുണ്ടായ പെരുമാറ്റം നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നത് തിരിച്ചറിഞ്ഞ വിദ്യാര്‍ഥികളിലൊരാള്‍ പിന്നീട് വേദിയില്‍ വച്ചുതന്നെ അപര്‍ണയോട് ക്ഷമ പറഞ്ഞു.
തുടര്‍ന്ന് യുവാവ് വീണ്ടും എത്തുകയും താന്‍ ഒന്നുമുദ്ദേശിച്ച് ചെയ്തതല്ല അപര്‍ണയുടെ ഫാന്‍ ആയതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നു പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാന്‍ അപര്‍ണ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് ഒപ്പമുണ്ടായിരുന്ന വിനീതിന് കൈ കൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൈകൊടുക്കാതെ വിനീത്, കുഴപ്പമില്ല പോകൂ എന്നാണ് വിദ്യാര്‍ഥിയോട് പറഞ്ഞത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.