കൊച്ചി- മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മുന്നൂറാമത്തെ ആഗോള ഷോറും അമേരിക്കയിലെ ഡാളസില്‍ തുറന്നു. ജ്വല്ലറി റീട്ടെയില്‍ മേഖലയില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള വിപുലീകരണ പ്രക്രിയയിലാണ് മലബാര്‍ ഗോള്‍ഡ്.
യുകെ, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, കാനഡ, ഈജിപ്ത്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് ജ്വല്ലറി ശൃംഖല വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
10 രാജ്യങ്ങളിലായി നിലവില്‍ 300 ഷോറൂമുകളുടെ ശക്തമായ റീട്ടെയില്‍ ശൃംഖലയാണുള്ളത്. ആഗോളതലത്തില്‍ ആറാമത്തെ വലിയ ആഭരണ വ്യാപാരിയാണ് നിലവില്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഗ്രൂപ്പ്.
മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്, ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തില്‍ ഡാളസ് ഷോറൂം കോളിന്‍ കൗണ്ടി കമ്മീഷണര്‍ സൂസന്‍ ഫ്‌ലെച്ചറും ടെക്‌സസിലെ ഫ്രിസ്‌കോ മേയര്‍ ജെഫ് ചെനിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുള്‍ സലാം, ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ.ആഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡാളസില്‍ പുതിയ ഷോറൂമിലൂടെ 300 ഷോറൂമുകളില്‍ എത്തിനില്‍ക്കെ ഇത് അഭിമാനത്തിന്റെ നിമിഷമാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് പറഞ്ഞു.
കോഴിക്കോട്ടെ ചെറിയ ഷോറൂമില്‍നിന്ന് തുടങ്ങി 30 വര്‍ഷത്തിനിടെ 10 രാജ്യങ്ങളിലായി 300 ഷോറൂമുകളുടെ ശക്തമായ റീട്ടെയില്‍ സാന്നിധ്യമുണ്ട്. ഇതിന് ഉപഭോക്താക്കള്‍ക്കും ഓഹരി ഉടമകള്‍ക്കും ജീവനക്കാര്‍ക്കും മറ്റ് പങ്കാളികള്‍ക്കും പ്രത്യേകം നന്ദി പറയുന്നു. ബ്രാന്‍ഡിന് ലഭിച്ച സ്വീകാര്യത ആഗോളതലത്തില്‍ ഒന്നാംസ്ഥാനത്തെത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റീട്ടെയില്‍, മാനുഫാക്ചറിംഗ്, ടെക്‌നിക്കല്‍, മാനേജ്‌മെന്റ് മേഖലകളില്‍ ഏകദേശം 6,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.