- മലപ്പുറം ഹാജ്യാർപ്പള്ളി സ്വദേശികളായ അമീൻ-ഹിദ ദമ്പതികളാണ് കുഞ്ഞിന് 'ശൈഖ് തമീം അൽത്താനി' എന്ന് പേരിട്ടത്
മലപ്പുറം - ലോകകപ്പ് ഫുട്ബാൾ സംഘാടനത്തിലൂടെ ശ്രദ്ധ നേടിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ആൽത്താനിയോടുള്ള സ്നേഹത്തിന് സ്വന്തം കുഞ്ഞിന് അമീറിന്റെ പേര് നൽകി യുവദമ്പതികൾ. മലപ്പുറം ഹാജ്യാർപ്പള്ളി സ്വദേശികളായ അമീൻ-ഹിദ ദമ്പതികളാണ് കുഞ്ഞിന് തമീം അൽത്താനിയെന്ന് പേരിട്ടത്.
ആശുപത്രിയിൽ ശൈഖ് തമീമിന്റെ ചിത്രങ്ങൾ പതിച്ച ചുമരിന് താഴെ കുഞ്ഞിനെ കിടത്തിയാണ് ദമ്പതികൾ ഖത്തർ അമീറിനോടുള്ള പിരിശമറിയിച്ചത്. ലോകകപ്പ് ജേതാക്കളായ അർജന്റീനയുടെ മിശ്ശിഹ ലയണൽ മെസിക്ക് അമീർ, ഖത്തറിന്റെ സവിശേഷ വസ്ത്രമായ ബിഷ്ത് അണിയിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പേരിടൽ കർമം.
ഭാര്യ ഹിദയാണ് ഇത്തരമൊരു നിർദേശം ആദ്യം മുന്നോട്ടുവെച്ചത്. ആ നിർദേശം എനിക്കും ഒത്തിരി സന്തോഷമായെന്ന് അമീൻ പറഞ്ഞു. ഖത്തർ ലോകകപ്പ് മാത്രമല്ല, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽത്താനിയുടെ നിലപാടുകൾക്കാണ് തങ്ങൾ പേരിടലിലൂടെ ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നതെന്നാണ് യുവദമ്പതികൾ പറയുന്നത്. ഉപരോധം നേരിട്ട ഖത്തർ, ലോകത്തെ മുഴുവൻ ആളുകളുടെയും കണ്ണും കാതും ലോകകപ്പിലൂടെ ആ കുഞ്ഞുരാജ്യത്തേക്ക് എത്തിച്ചത് വലിയ വിജയമായി കാണുന്നുവെന്നും ഇവരുവരും പറഞ്ഞു.
ഖത്തറിനോടും ഖത്തറിൽ അരങ്ങേറിയ ഫിഫ ലോകകപ്പിനോടുമുള്ള ഇഷ്ടം കാരണം പെറുവിലും കുഞ്ഞിന് 'ഖത്തർ' എന്ന് ദമ്പതികൾ പേരിട്ടിരുന്നു. ഖത്തർ ലോകകപ്പിനോടുള്ള ഇഷ്ടവും മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയപ്പോൾ ലഭിച്ച ഊഷ്മള സ്വീകരണവും സ്നേഹവുമാണ് ലോകകപ്പിനു ശേഷം പിറന്ന കുഞ്ഞിന് 'ഖത്തർ' എന്ന് പേരിടാൻ ദമ്പതികളെ പ്രേരിപ്പിച്ചത്. ഖത്തറിന് പുറമെ നിരവധി അർജന്റീനമാരും മെസ്സിമാരും റൊണാൾഡോമാരും പെറുവിൽ പിറന്നതായും വാർത്താ ഏജൻസികൾ ചൂണ്ടിക്കാട്ടി.
പെറുവിൽ ഖത്തർ ലോകകപ്പിനുശേഷം അർജന്റീനയുടെ നായകൻ ലയണൽ മെസ്സിയുടെ പേര് 267 കുട്ടികൾക്കാണ് മാതാപിതാക്കൾ നല്കിയത്. 104 പേർക്ക് ലിയോ എന്നും പേരിട്ടിട്ടുണ്ട്. എന്നാൽ, മെസിയെക്കാൾ പെറുവിൽ പ്രിയം പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 2022ൽ മാത്രം പെറുവിൽ 1098 ക്രിസ്റ്റ്യാനോ റൊണാൾഡോമാരാണ് പിറന്നുവീണത്. 176 കുഞ്ഞുങ്ങൾക്കാണ് പോയവർഷം ഇവർ അർജന്റീന എന്ന പേരിട്ടത്.