കൊച്ചി- കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിന് സമഗ്ര നിയമനിർമാണം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പു മന്ത്രി എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാലിന്യസംസ്‌കരണ മേഖലയിലെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിന് നിലവിലെ നിയമത്തിൽ പുതിയ ചട്ടക്കൂടുണ്ടാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ മാലിന്യശേഖരണം നടത്തുന്ന ഹരിതകർമ സേനക്ക് എല്ലാ വീടുകളും യൂസർഫീ നൽകുന്നത് നിർബന്ധിതമാക്കും. നൽകുന്ന പണത്തിന് റസീറ്റ് നൽകാനും വ്യവസ്ഥ ചെയ്യും. ഇതുസംബന്ധിച്ച വിമർശനങ്ങൾ കഴമ്പില്ലാത്തതാണ്. മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പ്രതിമാസം 50 രൂപ നൽകാൻ ശേഷിയില്ലാത്ത ദരിദ്രരിൽ ദരിദ്രരായവർക്ക് ഇളവ് നൽകുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് മെയ് 31നകം 10 ദ്രവമാലിന്യ പ്ലാന്റുകൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന പഴയമാലിന്യങ്ങൾ നീക്കം ചെയ്ത ശേഷമേ പുതിയ പ്ലാന്റ് നിർമിക്കാൻ സാധിക്കൂ. മാലിന്യസംസ്‌കരണ കേന്ദ്രങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ പ്രകൃതി സൗഹൃദപരമായി നടപ്പാക്കാൻ കഴിയുമെന്നതിന് തെളിവാണ് ഗുരുവായൂർ മുട്ടത്തറ മോഡൽ. പരിസരവാസികൾക്ക് യാതൊരു പരാതിയുമില്ലാത്ത വിധത്തിലാണ് അവിടെ മാലിന്യസംസ്‌കരണ പ്ലാന്റ് പ്രവർത്തിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നടപ്പിലാക്കും. ഇതു സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിന് കാമ്പയിൻ സംഘടിപ്പിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണപക്ഷം പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്തു വേണം വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനെന്ന് തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്‌സനും ഭരണപക്ഷവും സെക്രട്ടറിയും തമ്മിലുള്ള പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മന്ത്രി പറഞ്ഞു. ചെയർപേഴ്‌സനെതിരെ സെക്രട്ടറി പോലീസിന് പരാതി നൽകിയ വിവരം തന്റെ മുന്നിൽ വന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)