ഫാറൂഖാബാദില്‍ സിന്ദാബാദ് വിളി തുടങ്ങിയവര്‍, പഴയ ഓര്‍മകളുമായി വീണ്ടും ഒന്നിച്ചു

കോഴിക്കോട്-ഫാറൂഖ് കോളേജിന്റെ ഇടനാഴികളിലൂടെ പൊതുപ്രവര്‍ത്തനത്തിന്റെ ഭൂമികയിലേക്ക് സിന്ദാബാദ് വിളിച്ചിറങ്ങിയവര്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിച്ച് കൂടി പഴയ ഓര്‍മകള്‍ പങ്കിട്ടപ്പോള്‍ അത് വേറിട്ട കാഴ്ചയും അനുഭവവുമായി.
നിലവിലുള്ള നിയമസഭാ സമാജികരും പാര്‍ലിമെന്റംഗങ്ങളും മുന്‍ അംഗങ്ങളും മുന്‍ മന്ത്രിമാരു മടക്കമുള്ളവരാണ് ഫാറുഖാബാദ് 90 സിന്റെ  പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കോളേജിനു തൊട്ട ടുത്തുള്ള കെ ഹില്‍സില്‍ ഒത്തുകൂടിയത്.
എം.പി. അബ്ദുസ്സമദ് സമദാനി എം.പി, മുന്‍ മന്ത്രിയും എം.പിയും നിലവില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ടി.കെ. ഹംസ , മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, എം.എല്‍.എമാരായ മഞ്ഞളാം കുഴി അലി, കെ.പി. ഏ മജീദ്, പി.ടി. ഏ റഹീം,  ഷാഫി പറമ്പില്‍ ,
 അഡ്വ. യു.എ.ലത്തീഫ് മുന്‍ എം.എല്‍.എ സി. മമ്മുട്ടി , മലപ്പുറം മുന്‍സിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍ കെ.പി. മുസ്തഫ എന്നി പൂര്‍വ വിദ്യാര്‍ഥികളും ഫാറൂഖ് കോളേജ് സോഷ്യോളജി വകുപ്പിലെ അധ്യാപകനായിരുന്ന എം.എല്‍.എ കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരാണ്  സംഗമത്തിനെത്തിയ പൊതുപ്രവര്‍ത്തകര്‍.
എണ്‍പത്താറ് വയസ്സ് പിന്നിട്ട ടി.കെ ഹംസ തന്റെ 65 വര്‍ഷം മുന്നത്തെ പ്രീ യൂണിവേഴ്‌സിറ്റി പഠന കാലത്തെക്കുറിച്ചുള ഓര്‍മകളിലേക്ക് ഊളിയിട്ടു കൊണ്ട് എവിടെയൊക്കെ എന്തൊക്കെയായാലും ഫാറൂഖ് കോളേജ്  എന്നു കേട്ടാല്‍ ഈ വയസ്സുകാലത്തും ഒരു വികാരമാണെന്ന് പറഞ്ഞു.കേരള പൂങ്കാവനത്തില്‍ ... എന്ന മാപ്പിളപ്പാട്ട് പാടിയാണ് തന്റെ ഓര്‍മകള്‍ അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ടി.കെ. ഹംസ പറഞ്ഞതിനെ പിന്തുണച്ചു കൊണ്ടു തന്നെയാണ് രാജ്യ സഭാംഗമായ അബ്ദുസ്സമദ് സമദാനിയും അടിവരയിട്ടത്. ഒരു കോളേജ് എന്നതിനപ്പുറം ഒരു വികാരമാണ് ഫാറൂഖാബാദെന്ന് സമദാനി പറഞ്ഞു. വിസ കിട്ടി ഗള്‍ഫിലേക്ക് പോകേണ്ടി വന്നതിനാല്‍ ഒന്നര വര്‍ഷം മാത്രം ഇവിടെ പഠിക്കുവാന്‍ സാധിച്ചിട്ടുള്ളൂവെന്ന് മുന്‍ മന്ത്രി കൂടിയായ എം.എല്‍.എ മഞ്ഞളാംകുഴി അലി പറഞ്ഞു.
താന്‍ ജീവിതത്തിലൊരിക്കലും മറക്കാത്ത കുറുക്കന്‍ സൂപ്പി എന്ന പഴയ സുഹൃത്തിനെയാണ് കോളേജിനെക്കുറിച്ചോര്‍മിക്കുമ്പോഴെല്ലാം ആദ്യം ഓര്‍മയില്‍ വരികയെന്ന്   പി.ടി. എ റഹീം എം.എല്‍.എ പറഞ്ഞു. മുന്‍ വിദ്യാഭ്യാസ മന്ത്രിയായ നാലകത്ത് സൂപ്പിയാണിതെന്നും രാത്രിയില്‍ മാത്രം ക്യാപസില്‍ സജീവമാകുന്നതുകൊണ്ട്  സൂപ്പിക്ക് ഈ പേര് വീണതെന്നും റഹീം പറഞ്ഞു.
കെ. എസ്.യു സംസ്ഥാന പ്രസിഡന്റാകുവാന്‍ വേണ്ടി ഫാറൂഖിന്റെ പടി കയറി വന്ന ആളാണ് താനെന്ന് യുവ എം.എല്‍. എ ഷാഫി പറമ്പില്‍ പറഞ്ഞു.
ഔദ്യോഗിക തിരക്കുകള്‍ കൊണ്ട് ചടങ്ങിനെത്തുവാന്‍ സാധിക്കാതിരുന്ന  പൂര്‍വ വിദ്യാര്‍ഥി കൂടിയായ
മന്ത്രി പി.എ. മുഹമ്മദ് റിയാസ് തന്നിലെ മതനിരപേക്ഷ ബോധത്തെ ഊട്ടിയുറപ്പിക്കുവാന്‍ ഏറെ സംഭാവന നല്‍കിയ ക്യാമ്പസാണ് ഫാറൂഖാബാദെന്ന് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
ചടങ്ങില്‍ പ്രസിഡന്റ് കെ.പി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു.
ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എം നസീര്‍, മുന്‍ പ്രിന്‍സിപ്പല്‍ ഇ.പി. ഇമ്പിച്ചി കോയ , കെ.കുഞ്ഞലവി, എന്‍.കെ. മുഹമ്മദലി, കെ.വി. അയ്യൂബ്, വി.അഫ്‌സല്‍, കെ.വി. സക്കീര്‍ ഹുസൈന്‍,മെഹ്‌റൂഫ് മണലൊടി , പി കെ അഹമ്മദ്, എന്‍.കെ. മുഹമ്മദലി എന്നിവരും സന്നിഹിതരായിരുന്നു. കെ. റശീദ് ബാബു സ്വാഗതവും അശ്വനി പ്രതാപ് നന്ദിയും പറഞ്ഞു. ശേഷം ഫാറൂഖ് കോളേജില്‍ ഇപ്പോള്‍ പഠിക്കുന്ന  വിദ്യാര്‍ഥികളെയും പൂര്‍വ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയുള്ള പാടാം നമുക്ക് പാടാം മ്യൂസിക്ക് ഇവന്റും നടത്തി. ഇതോടൊപ്പം 18 ഭക്ഷ്യ സ്റ്റാളുകളും 30 വ്യാപാര സ്റ്റാളുകളുമുള്ള നൈറ്റ് മാര്‍ക്കറ്റും സംഘടിപ്പിച്ചു. രണ്ട് ദിവസത്തെ സ്‌നേഹകൂട്ടായ്മ നാളെ സമാപിക്കും.

 

Latest News